പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂർക്കോണത്ത് 17 ന് നിർമാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങൾക്കാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ച് നൽകുന്നത്. ഇതുപ്രകാരം 2019-20 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 14 ജില്ലയിലും ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ച് നൽകുന്നതിന് തീരുമാനിച്ചിരുന്നു. ഈ വർഷം ബഡ്ജറ്റിൽ 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പന്തളത്ത് നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ 44 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. രണ്ട് മുറിയും അടുക്കളയും, ഹാളും, ടോയ്‌ലറ്റും, അടങ്ങിയതാണ് ഫ്‌ളാറ്റ്. ആകെ 27,000 ചതുരശ്ര മീറ്റർ വിസ്തൃതി വരും. 6,56,90000 രൂപയാണ് ചെലവ്. തൃശൂർ ജില്ലാ ലേബർ കോൺട്ര്ര്രാക് സഹകരണ സംഘമാണ് കൺസൾട്ടൻസി. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് നിർമ്മാണ ചുമതല. ആറ് മാസമാണ് നിർമ്മാണം പൂർത്തിയാകാൻ എടുക്കുന്ന സമയം. രണ്ട് ടവറുകളിലാണ് ഫ്‌ളാറ്റ് നിർമ്മിക്കുന്നത്. പ്രധാന ടവറിൽ 32 ഫ്‌ളാറ്റും രണ്ടാമത്തെ ടവറിൽ 12 ഫ്‌ളാറ്റും ആണുള്ളത് നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം ചിറ്റയം ഗോപകുമാർ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. സതി, നഗരസഭ വൈസ് ചെയർമാൻ ആർ. ജയൻ,രാധ രാമചന്ദ്രൻ, ഫസലുദ്ദീൻ, രജേന്ദ്രൻ,ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.പി. സുനിൽ, കൺസൾട്ടൻസി എൻജിനിയർ വിജിൽ എന്നിവർ സന്ദർശിച്ച് നിർമ്മാണ ഏജൻസിക്ക് നിർദേശം നൽകി. അടൂർ മണ്ഡലത്തിൽ ഇതുകൂടാതെ ഏഴംകുളം പഞ്ചായത്തിൽ ഏനാത്തും,കടമ്പനാട് പഞ്ചായത്തിൽ മറ്റു രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും നിർമാണം ഉടൻ ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.