ചെങ്ങന്നൂർ: വീടുകളിൽ വെള്ളം കയറിയാൽ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്ന് ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൊവിഡ് കെയർ സെന്ററുകളിലേയ്ക്ക് മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരെ അടിയന്തരമായി കൊവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റിയതായി ചെയർമാൻ പറഞ്ഞു.
ആറ് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ
നഗരസഭാ പ്രദേശത്ത് ആറ് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കീഴ്‌ചേരിമേൽ ഗവ.ജെ.ബി.സ്‌കൂൾ,അങ്ങാടിക്കൽ എസ്.വി.ആർ.വി.സ്‌കൂൾ,വാഴാർ മംഗലം സെന്റ് മേരീസ് സ്‌കൂൾ,മംഗലം മരുപ്പച്ച,മംഗലം സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് പാരിഷ്ഹാൾ,പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്ത്രീഡൽ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്.67 കുടുംബങ്ങളിലായി 187 പേർ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 69 പേർ പുരുഷന്മാരും 71 പേർ സ്ത്രീകളും 47 പേർ കുട്ടികളുമാണ്. വെള്ളം ഉയരാൻ സാദ്ധ്യത ഇല്ലാത്തതിനാൽ കൂടുതൽ ക്യാമ്പുകൾ ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.