തിരുവല്ല: പമ്പ, മണിമല നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്. ഇതോടൊപ്പം
രണ്ടു ദിവസമായി മഴയും തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുകയാണ്.
നഗരസഭ, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, കുറ്റൂർ എന്നിവിടങ്ങളിലാണ് ദുരിതമേറെയും.
കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. നദികളിൽ ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിന്റെ ഭീതി ഇനിയും ജനങ്ങളെ വിട്ടൊഴിഞ്ഞിട്ടില്ല.
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 1191പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 340 കുടുംബങ്ങളിലെ 495 പുരുഷന്മാരും 507 സ്ത്രീകളും 189 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. തോട്ടപ്പുഴശ്ശേരി 5, കുറ്റപ്പുഴ 2, കടപ്ര 1,കോയിപ്രം 9, നെടുമ്പ്രം 2, ഇരവിപേരൂർ 6, കുറ്റൂർ 4, കവിയൂർ 1, കാവുംഭാഗം 2, പെരിങ്ങര 1, തിരുവല്ല 2, നിരണം 1 എന്നീങ്ങനെയാണ് വിവിധ വില്ലേജുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പെരിങ്ങര നിവാസികൾ ആശങ്കയിലാണ് . പെരിങ്ങര പ്രദേശത്തെ ചുറ്റപ്പെട്ട് ഒഴുകുന്ന പെരിങ്ങര ചാത്തങ്കരി, കാരയ്ക്കൽ കൂരച്ചാൽ , പെരിങ്ങോൾ സ്വാമിപാലം എന്നീ തോടുകൾ എല്ലാംതന്നെ കര കവിഞ്ഞൊഴുകുകയാണ്. പെരിങ്ങര കാരയ്ക്കൽ, കാവുംഭാഗം ചാത്തങ്കരി, കാരയ്ക്കൽ മേപ്രാൽ, പൊടിയാടി പെരിങ്ങര എന്നീ പ്രധാന റോഡുകളെ കൂടാതെ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പെരിങ്ങര പുതുക്കുളങ്ങര ദേവീ ക്ഷേത്രം , ചാത്തങ്കരി ദേവിക്ഷേത്രം , ചാത്തങ്കരി ഗവൺമെന്റ് എൽ പി സ്‌കൂൾ , പെരിങ്ങര ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പഞ്ചായത്തിലാകാമാനം അമ്പതിൽപ്പരം വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. 2018ലെ മഹാ പ്രളയത്തിൽ ഏറെ ദുരിതം അനുഭവിച്ച മേഖലയാണ് പെരിങ്ങര പഞ്ചായത്ത്.
-------------------
സംസ്ഥാനപാതയിൽ വെള്ളം കയറി
തിരുവല്ല: സംസ്ഥാന പാതയിൽ വെള്ളം കയറിയത് യാത്രാ ദുരിതത്തിനും ഗതാഗത തടസത്തിനും ഇടയാക്കുന്നു. തിരുവല്ല കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് ജംഗ്ഷനിലാണ് വെള്ളം കയറിയത്. കരകവിഞ്ഞൊഴുകിയ മണിമലയാറ്റിൽ നിന്നുള്ള വെള്ളമാണ് റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്നത്. അമ്പതടിയിൽ അധികമായി നിലനിൽക്കുന്ന വെള്ളക്കെട്ട് മറികടക്കാൻ ഇരുചക്ര വാഹന യാത്രികരും ചെറു വാഹനങ്ങളിൽ എത്തുന്നവരും എറെ ബുദ്ധിമുട്ടുന്നുണ്ട്. വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫായി പോകുന്നത് യാത്രികരെ ഏറെ വലയ്ക്കുന്നുണ്ട്.