ചെങ്ങന്നൂർ: പുത്തൻകാവ്, പിരളശേരി, മംഗലം, ഇരമല്ലിക്കര, നന്നാട്, പ്രയാർ, പാണ്ടനാട്, മുറിയായിക്കര ,മുളക്കുഴ ,എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. മുളക്കുഴ പിരളശേരി രണ്ടാംവാർഡിൽ മുത്താന്റേത്ത് റെജിയുടെ വീട്ടിൽ വെള്ളം കയറി. പുത്തൻകാവിൽ നിന്നുള്ള തോടു വഴിയാണ് ഇവിടങ്ങളിൽ വെള്ളം എത്തിയത്. ഇവിടെഏഴ് കുടുംബങ്ങളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള കുടുംബങ്ങൾ കൃഷി ചെയ്തു വന്നിരുന്ന കപ്പ, വാഴ, ചേന, ഇഞ്ചി എന്നീ കാർഷികവിളകൾ നശിച്ചു. ചെങ്ങന്നൂർ നഗരസഭയിലെ മംഗലം ഭാഗത്ത് ജെ.ബി.എസ് സ്‌കൂളിന് പുറകുവശത്ത് മീൻകുഴിയിൽ ഓമനകൃഷ്ണന്റെയും, സരോജനിയുടെയും വീട്ടിൽ വെള്ളം കയറി. ഇവർ ബന്ധുവീടുകളിലേക്ക് മാറി. മംഗലം ഓർത്തഡോക്‌സ് പള്ളിക്ക് പിൻവശത്തെ താമസക്കാരായ പൊൻപഴഞ്ഞിയിൽ ബിന്ദുവിന്റെയും സഹോദരന്റെയും വീട്ടിൽ വെള്ളം കയറി. പമ്പ, മണിമല ,അച്ചൻകോവിലാർ , വരട്ടാർ നദികളിലും പോഷക നദികളിലും ജലനിരപ്പുയർന്നതിനാൽ ജനങ്ങൾ ഭീതിയിലാണ് .തീരത്ത് താമസിച്ചു വന്നവർ മിക്കവരും ബന്ധുവീടുകളിലേക്ക് മാറി.