പത്തനംതിട്ട : വെള്ളപ്പൊക്കമുണ്ടായാൽ പന്തളത്ത് അടിയന്തരമായി സ്വീകരിക്കേണ്ട മുൻകരുതലും നടപടികളും നിശ്ചയിക്കുന്നതിന് ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ വാർഡുകളിലും ക്യാമ്പുകൾ തുറക്കുന്നതിന് സ്‌കൂളുകൾ ഏറ്റെടുക്കുന്നതിന് വാർഡ് കൗൺസിലർമാരെ ചുമതലപ്പെടുത്തി. 60 വയസിന് മുകളിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക ക്യാമ്പുകൾ തുറക്കും. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ താമസിപ്പിക്കും. ആവശ്യമെങ്കിൽ ജാഗ്രതാ നിർദേശം നൽകി മൈക്ക് അനൗൺസ്‌മെന്റും നടത്തും. നഗരസഭാ അദ്ധ്യക്ഷ ടി.കെ. സതി, വൈസ് ചെയർമാൻ ആർ. ജയൻ, തഹസീൽദാർ ബീന എസ്. ഹനീഫ്, രാധാ രാമചന്ദ്രൻ, ലസിത ടീച്ചർ, കെ.ആർ. രവി, വിജയകുമാർ, കെ. പ്രഭ തുടങ്ങിയവർ പങ്കെടുത്തു.