1
അപകടത്തിലായ പാലത്തിന്റെ അടിതട്ടിൽ ചാക്കിൽ മണൽ നിറച്ച് അടുക്കിയിരിക്കുന്നു.

കടമ്പനാട് : നെല്ലിമുകൾ-തെങ്ങമം റോഡിൽ കുറുവക്കാട് പാലം അപകടത്തിലായിട്ട് മൂന്ന് മാസത്തിലേറെയായി അധികൃതർക്ക് യാതൊരു അനക്കവുമില്ല. മഴശക്തിപ്രാപിച്ചതോടെ ആശങ്കയിലാണ് ഇതുവഴിയുള്ള യാത്രക്കാർ. കാട് കയറിക്കിടന്നതിനാൽ പാലത്തിന്റെ അടിതട്ട് ഇടിഞ്ഞു പോയിട്ടുണ്ട്. മൂന്ന് മാസംമുൻപ് തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കിയപ്പോഴാണ് പാലത്തിന്റെ അപകടാവസ്ഥ പുറം ലോകം അറിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് പാലം പരിശോധിച്ച് അപകടകരമാണന്ന് വിലയിരുത്തിയിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

അപകട അറിയിപ്പ് ബോർഡും കാണാനില്ല

പാലത്തിനുസമീപവും നെല്ലിമുകളിലും മുണ്ടപള്ളിലും പാലം അപകടത്തിൽ ഭാരവാഹനങ്ങൾ നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് വെച്ചിരുന്നു. എന്നാൽ പാലത്തിന് സമീപംവെച്ച ബോർഡുകൾ ഇപ്പോൾ കാണാനില്ല. ബോർഡു വകവെക്കാതെ ഭാരവാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയിരുന്ന സമയത്ത് കേരളകൗമുദി ഇത് വാർത്തയാക്കിയിരുന്നു.തുടർന്ന് ചാക്കിൽ മണൽനിറച്ച് പാലത്തിന്റെ അടിതട്ടിൽ ഉറപ്പിച്ചു. മഴശക്തമായതോടെ ശക്തമായ ഒഴുക്കിൽ ചാക്കുകെട്ടുകൾ ഒഴുകിപോകാൻതുടങ്ങിയിരിക്കുകയാണ്.

പതിവ് രീതി ഇവിടെയും

ഏതുനിമിഷവും പാലം അപകടത്തിലാകാം. അപകടം നടന്നേ ഞങ്ങളുണരു എന്ന പതിവ് രീതിയാണ് ഇവിടെയും അധികൃതർക്ക്. നെല്ലിമുകൾ-തെങ്ങമം മെയിൻറോഡായതിനാൽ നിരവധി വാഹനങ്ങളും യാത്രകാരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.

വാഹനങ്ങൾ കടന്നുപോകാൻ താത്ക്കാലിക പാലമൊരുക്കി അപകടത്തിലായപാലം ശരിയാക്കാൻ അടിയന്തര നടപടിസ്വീകരിക്കണം

(പ്രദേശവാസികൾ)

-പൊതുമരമത്ത് വിലയിരുത്തിയിട്ടും നടപടിയില്ല

- മഴ ശക്തമായതോടെ ചാക്കുകെട്ടുകൾ ഒലിച്ചു പോയി

-ഏതു നിമിഷോം അപകടത്തിൽപ്പെടാം