വെണ്ണിക്കുളം: മദ്ധ്യ തിരുവിതാംകൂറിന്റെ കഥയെഴുത്തുകാരൻ ലാൽജി ജോർജ് തന്റെ എഴുത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. വെണ്ണിക്കുളം അങ്ങാടിപ്പാട്ട് , പോസ്റ്റ്മാസ്റ്ററായിരുന്ന ജോർജിന്റെയും അദ്ധ്യാപികയായിരുന്ന അമ്മിണിയുടെയും മകനായി മണിമലയാറിന്റെ തീരത്ത് ജനിച്ചു വളർന്ന ലാൽജി ജോർജ് തന്റെ കഥകളിൽ പ്രമേയമാക്കിയതെല്ലാം മദ്ധ്യ തിരുവിതാംകൂറിലെ ജനങ്ങളുടെ ജീവിതവും,ഗൾഫ് മലയാളികളുടെ ജീവിതവുമായിരുന്നു. ലൈബ്രേറിയൻ കൂടിയായിരുന്ന അമ്മയിൽ നിന്നാണ് കുട്ടിക്കാലത്ത് സാഹിത്യരചനയിലുള്ള അഭിരുചി ജനിച്ചത്. കവയത്രി സുഗതകുമാരി ടീച്ചറുടെ പ്രേരണയിൽ എഴുതിയ ചെറുകഥ ആദ്യമായി തളിർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.കാക്കനാടൻ,പുനത്തിൽ കുഞ്ഞബ്ദുള്ള,യു.എ.ഖാദർ തുടങ്ങിയവരുടെ പ്രോത്സാഹനത്തിൽ കൂടുതൽ കഥകളെഴുതി.15 ചെറുകഥാ സമാഹാരങ്ങടങ്ങിയ പഥാർത്ഥം, ജലശൈയ്യയിലെ ശരീരവും, ഉപ്പും, കപടവാതിൽ, കഗാവ,പ്രജാപതിയെതേടി,വിജയ വിളക്ക് (രണ്ട് നോവലുകളുൾപ്പെട്ട ബാലസാഹിത്യം ), ശീലുകൾ, മായാഗോപുരം ( ബൈബിളിലെ ശലോമോന്റെ ജീവിതത്തിലെ വേറിട്ടകാഴ്ച്ചകളവതരിപ്പിക്കുന്ന നോവൽ) എന്നിവ പ്രധാന കൃതികളാണ്.2006ൽ ദളിതരുടെ ജീവിതത്തെ ആസ്പദ്ധമാക്കി നടൻ ശ്രീനിവാസനെ നായകനാക്കി ലാൽജി ജോർജ് സംവിധാനം ചെയ്ത 'ചിതറിയവർ' എന്ന ഫീച്ചർ ഫിലം ദേശീയ അവാർഡിന് പരിഗണിച്ചിരുന്നു. പ്രവാസജീവിതം ഇതിവൃത്തമാക്കിയ ഡോക്കുമെന്ററികൾക്കും, സായൂജ്യം, ഇഫ്ത്താഹ് എന്നീ ടി.വി.സീരിയലുകൾക്കും രചനയും,സംവിധാനവും ലാൽജി ജോർജ്നിർവഹിച്ചു. ചിതറിയവർ ' എന്ന ഫീച്ചർ ഫിലിമിന് ഗ്രീസ് ഇന്റർനാഷണൽ പനോരമയിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.മികച്ച സംവിധായകനുള്ള ഹാബേൽ ഫൗണ്ടേഷൻ അവാർഡ്,കിഷോർ സ്മാരക അവാർഡ്,എന്നിവയും നേടി. മികച്ച ചെറുകഥയ്ക്കുള്ള അവാ‌ർഡും,​ മികച്ച നോവലിനുള്ള വിധുരോധയം അവാർഡും നേടി.ആഫ്രിക്കയിലെ ടാൻസാനിയയിൽ അദ്ധ്യാപകനായും ദുബായിൽ അക്കൗണ്ടന്റായും ജോലി ചെയ്തു.വെണ്ണിക്കുളം സെന്റ് ബെഹ്നാൻ എൽ.പി.സ്‌കൂൾ,ഹൈസ്‌കൂൾ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്,തിരുവല്ല മർത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.ഷേർളിയാണ് ഭാര്യ,തുഷാര ബിന്ദു മകളാണ്.