160 ഹെക്ടറിൽ കൃഷിനാശം
പത്തനംതിട്ട : തുടർച്ചയായ മൂന്ന് ദിവസം പെയ്ത കനത്ത മഴയിൽ ജില്ലയിൽ ലക്ഷങ്ങളുടെ കൃഷി നാശം. 160 ഹെക്ടറിൽ 564.89 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. റബറും വാഴയും കിഴങ്ങും പച്ചക്കറികളുമടക്കമുള്ള കൃഷികൾ ഇതിൽപ്പെടും. വാഴകർഷകരാണ് ജില്ലയിൽ കൂടുതലും. കുലച്ച വാഴകൾ വൻതോതിലാണ് നശിച്ചത്. 2.5 ഹെക്ടർ നെൽ കൃഷി വെള്ളത്തിനടിയിലാണ്.കൃഷി ഭവന്റെ പന്തളം പുല്ലാട് ഫാമുകളിലും വെള്ളം കയറി.
പന്തളം, തോന്നല്ലൂർ, ആറന്മുള, കുളനട, മെഴുവേലി, തുമ്പമൺ, തെക്കേക്കര, മല്ലപ്പുഴശ്ശേരി, ചെറുകോൽ, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങൽ, കല്ലൂപ്പാറ, കുന്നം ന്താനം, ഏനാദിമംഗലം, കൊടുമൺ, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര, തോട്ടമൺ, പെരിങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷിനാശം വ്യാപകം.
----------------
വെള്ളം ഉടൻ ഇറങ്ങിയാൽ വലിയ നഷ്ടം ഉണ്ടാവില്ല. കൃഷി നശിച്ചാൽ കർഷകർക്ക് ഇൻഷുറൻസ് നൽകാറുണ്ട്.
അനിലാ മാത്യു
പ്രിൻസിപ്പൽ കൃഷി ഓഫിസർ
-----------
രക്ഷാപ്രവർത്തനത്തിന് 25 വള്ളങ്ങൾ
നദികളിലെ ജലനിരപ്പ് ഉയരുന്നതു കണക്കിലെടുത്ത് ജാഗ്രതയുടെ ഭാഗമായി കൊല്ലം ജില്ലയിൽ നിന്ന് 15 വള്ളങ്ങൾ കൂടി എത്തിച്ചു. ഇതോടെ രക്ഷാപ്രവർത്തനത്തിനുള്ള വള്ളങ്ങൾ ഇരുപത്തിയഞ്ചായി.
നീണ്ടകര, ആലപ്പാട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളെത്തിയത്. എട്ടെണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നൽകും. ബാക്കി വള്ളങ്ങൾ സാഹചര്യമനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും.
നേരത്തെ പത്ത് വള്ളങ്ങളും 30 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തു നിന്ന് എത്തിയിരുന്നു. ഇതിൽ അഞ്ച് വള്ളങ്ങൾ ആറന്മുളയിലും അഞ്ച് വള്ളങ്ങൾ റാന്നിയിലുമായി വിന്യസിച്ചിരുന്നു.
-----------
ജാഗ്രതാ നിർദ്ദേശം
പമ്പ ഡാമിലെ ജലനിരപ്പ് 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതിനാലാണിത്. പമ്പാ ഡാമിന്റെ ആറു ഷട്ടറുകൾ ഉയർത്തി എതുനിമിഷവും വെള്ളം തുറന്നുവിടാം.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തു താമസിക്കുന്നവരും റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം
-----------------