പന്തളം :ഓൺലൈൻ ക്ലാസിലൂടെ മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥകൾ പറഞ്ഞ് കുട്ടികൾക്ക് പ്രിയങ്കരിയായ സായ് ടീച്ചറെ വീണ്ടും കാണാനും കേൾക്കാനും പൂഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടായി .സ്‌കൂളിലെ ഒന്നാം ക്ലാസിലെ പി.ടി.എ യോഗം ഓൺലൈനായി ചേർന്നപ്പൊഴാണ് കുഞ്ഞുങ്ങൾക്ക് ആഹ്ലാദകരമായ ഈ അനുഭവം ഉണ്ടായത്. ഒന്നാം ക്ലാസിലെ സ്വന്തം ടീച്ചർമാരുടെ മുഖം ഇനിയും മനസിൽ ഉറപ്പിക്കാൻ കഴിയാത്തവരാണ് കുട്ടികളിൽ ഏറെയും. എന്നാൽ സായി ടീച്ചറുടെ മുഖംസ്‌ക്രീനിൽ തെളിഞ്ഞപ്പോഴേക്കും കുട്ടികൾ ആവേശത്തോടെ ടീച്ചറെ വിളി തുടങ്ങി. കുട്ടികൾ ആവശ്യങ്ങൾ ഒന്നൊന്നായി ഉയർത്തി .ടീച്ചറുടെ ക്ലാസിൽ പഠിച്ച പാഠങ്ങളും ഉണ്ടാക്കിയ പൂച്ചയുടെ ചിത്രങ്ങൾ, പേപ്പർ കൊണ്ടുള്ള രൂപങ്ങൾ തുടങ്ങിയവ കാണിക്കുവാനും പറയുവാനും അവർ മത്സരിച്ചു .കുട്ടികളുടെ ആഹ്ലാദത്തിമിർപ്പിൽ ടീച്ചറും ഒപ്പം കൂടി .കുട്ടികളിലൊരാൾ ടീച്ചറേ പൂച്ചയെ വിളിപ്പിക്ക്.സായ് ടീച്ചർ നീട്ടി വിളിച്ചു. തങ്കു പൂച്ചേ.... കുട്ടികളും. അമ്മമാരുടെ മടിയിലിരുന്ന് മിട്ടു പ്പൂച്ചയേയും അവർ വിളിച്ചു. ഓൺലൈൻ ക്ലാസ്പി.ടി.എ യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസിലെ കുട്ടികൾ പഠിക്കുന്ന രീതിയും അതിൽ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന സഹായങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് ക്ലാസെടുത്തു.തുടർന്ന് രക്ഷിതാക്കൾ ചർച്ചയിൽ പങ്കെടുത്തു. പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധർമ്മ ടീച്ചർ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.ജി ഗോപിനാഥപിള്ള,പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,സീനിയർ അദ്ധ്യാപിക സുജ ടീച്ചർഎന്നിവർ സംസാരിച്ചു.ഒന്നാം ക്ലാസിലെ അദ്ധ്യാപകരായ രേഖ,സരിത,പി.ടി.എപ്രസിഡന്റ് രമേശ് നാരായണൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഈ വർഷം ഇതിനകം നൂറ്റിയാറ് കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഒന്നിൽ പ്രവേശനം നേടിയിരിക്കുന്നത്: 91പേർ ഗൂഗിൾ മീറ്റ് വഴി നടന്ന ഓൺലൈൻ ക്ലാസ് പി.ടി.എയിൽ പങ്കെടുത്തു.ശനിയാഴ്ച രാത്രി 7മുതൽ 9 വരെയാണ് മീറ്റിംഗ് നടന്നത്.