10-peral
ഓതറയുടെ ചരിത്രമായിരുന്ന പേരാൽ കടപുഴകിയ നിലയിൽ

തിരുവല്ല: അരനൂറ്റാണ്ടോളം ഓതറ പഴയകാവിന്റെ ഭാഗമായി നിന്ന പേരാൽമരം കനത്ത മഴയിൽ കടപുഴകി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വൻ ശബ്ദത്തോടെ മരം കടപുഴകി വീണത്. സമീപവാസികളാണ് ആദ്യം അറിഞ്ഞത്. തുടർന്ന് അഗ്‌നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. തുടർന്ന് രാവിലെ ഒൻപതരയോടെ പഞ്ചായത്തിന്റെസഹകരണത്തോടെ മരം വെട്ടിനീക്കി. നേരത്തേ മരം വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽ കത്ത് നൽകിയിരുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നേരത്തേ രൂക്ഷമായ വെള്ളക്കെട്ടുള്ള ഇവിടെ അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്കിടുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിന് കോൺക്രീറ്റ് കൊണ്ട് പാത്തിയും നിർമ്മിച്ചിരുന്നു.
പേരാൽ നിന്നതിന് അടിയിൽ വെള്ളംകെട്ടി നിൽക്കുന്ന സ്ഥിതിയാണ് മറിഞ്ഞു വീണപ്പോൾ കണ്ടത്.
സ്ഥിരമായി അടയാളം പറയുന്നത് ആൽത്തറയും പഴയകാവിലെ ആൽമരവുമൊക്കെയായിരുന്നു.
അതൊകൊണ്ടു തന്നെ പേരാൽമരം വീണത് വിദേശത്തും സ്വദേശത്തുമുള്ള പ്രദേശവാസികൾക്ക് ദുഖകരമായ വാർത്തയായി.രാവിലെ മരം മുറിക്കാൻ തുടങ്ങിയങ്കിലും വൈകുന്നേരത്തോടെയാണ് പൂർത്തിയായത്.