തിരുവല്ല: വെള്ളം വീടിനടുത്തെത്തിയതോടെ നൂറുവയസുകാരി മറിയാമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റി. വെള്ളപ്പൊക്കങ്ങളേറെ കണ്ട മുത്തശിയെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ചരുവത്തിലാക്കി വെള്ളത്തിലൂടെ കരയ്ക്കെത്തിച്ചത്.
പെരിങ്ങര കാരയ്ക്കൽ നാലുവേലിൽ മറിയാമ്മ ഏബ്രഹാം മരുമകളായ അമ്മിണിക്കൊപ്പമാണ് താമസിക്കുന്നത്. എല്ലാ വർഷവും വീട് വെള്ളത്തിലാവുകയോ വീടിനടുത്തുവരെ വെള്ളമെത്തുകയോ ചെയ്യും. ഇന്നലെയും വീട്ടിൽ വെള്ളം കയറി. പമ്പാ ഡാം തുറന്നുവിടുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മറ്റൊരു മകന്റെ വീടായ മുണ്ടിയപ്പള്ളിയിലേക്ക് മറിയാമ്മയെ കൊണ്ടുപോവുകയായിരുന്നു. വള്ളം കിട്ടാത്തതിനാൽ ചരുവത്തിലാണ് കരയ്ക്കെത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ സന്നദ്ധപ്രവർത്തകരായ സുബിൻ ജോർജ്, ജെയ്‌സൺ, ബെൻസൺ, ഈപ്പൻ കീരിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ അംബുലൻസിലാണ് മുണ്ടിയപ്പള്ളി
യിലേക്ക് കൊണ്ടുപോയത്.