ചെങ്ങന്നൂർ: പമ്പാനദിയുടെ സമീപങ്ങളിലും, മറ്റ് താഴ്ന്ന പ്രദേശങ്ങളിലും താമസിച്ചു വന്നിരുന്ന കൂടുതൽ കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഡാമുകൾ തുറന്നു വിടുന്നതിനാൽ വെളുപ്പിനെയോടെ വെള്ളം ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് 291 കുടുംബങ്ങളിലെ 1065 പേരെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. പതിനായിരത്തോളം ആളുകൾ ബന്ധുവീടുകളിലേക്ക് മാറി.
നാലടിയോളം വെള്ളം ഉയരാൻ സാദ്ധ്യത ഉണ്ടെങ്കിലും അപകടകരമായ സാഹചര്യമില്ല. മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ, ഉൾനാടൻ മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ, റസ്‌ക്യൂ ചെയ്യുവാനുള്ള ആവശ്യമായ സംവിധാനങ്ങൾ എല്ലാം ചെങ്ങന്നൂർ പട്ടണത്തിൽ തയാറായതായി സജി ചെറിയാൻ എം.എൽ,.എ അറിയിച്ചു. വളർത്തുമൃഗങ്ങളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കഴിഞ്ഞു. തോട്ടപ്പളളി സ്പിൽവേ പൊഴിമുറിച്ചതു മൂലം നല്ല ഒഴുക്ക് രൂപപെട്ടത് അപകടകരമായ സ്ഥിതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.