പത്തനംതിട്ട : പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തിരുവല്ലയിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം യോഗം ചേർന്നു. അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ പ്രളയ സാദ്ധ്യത മുൻനിർത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങൾ വിവിധ പ്രദേശങ്ങളിൽ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷൻ, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎൻസി ജംഗ്ഷൻ, കുറ്റൂർ തോണ്ടറ പാലം, പെരിങ്ങര കൃഷി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വള്ളങ്ങൾ വിന്യസിച്ചിട്ടുള്ളത്.
അവശ്യഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും, ആവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുമായി പത്ത് ടോറസ്, മൂന്ന് ടിപ്പറുകൾ, രണ്ടു ബസുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
2018 ലേതിനു സമാനമായ വെള്ളപ്പൊക്കം ഉണ്ടായാൽ അതിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും നിയോജകമണ്ഡതലത്തിൽ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. കൊവിഡ് 19 രോഗബാധയുടെ പ്രത്യേക സാഹചര്യത്തിൽ പുനരധിവാസ ക്യാമ്പുകളിൽ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി എത്തിയിട്ടുണ്ട്.
2018, 2019 കാലങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും, നിലവിൽ വെളളം കയറാൻ സാദ്ധ്യതയുണ്ടെന്നു വിലയിരുത്തിയ പ്രദേശങ്ങളിൽ നിന്നും ഹോം ക്വാറന്റൈനിലുള്ള ആളുകളെ വിവിധ കോവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ പ്രളയങ്ങൾ വിലയിരുത്തി നിലവിൽ വെളളം കയറാൻ സാദ്ധ്യതയുളള സ്ഥലത്തെ ക്യാമ്പുകളിൽ കഴിയുന്നവരെ മറ്റ് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായി. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സുരക്ഷയെ മുൻനിർത്തി എസ്‌കലേറ്ററുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയി റിംഗ് തുടങ്ങിയ ഉപകരണങ്ങൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനും യോഗത്തിൽ തീരുമാനമായി. പുളിക്കീഴ് ബിഡിഒ, പോലീസ്, റവന്യു, ഫയർഫോഴ്‌സ്, മെഡിക്കൽ, മോട്ടോർ വെഹിക്കിൾ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.