r
.

തിരുവല്ല: ഇരവിപേരൂർ ഒ.ഇ.എം സ്‌കൂളിൽ പ്രവർത്തിക്കുന്ന കൊവി‌ഡ് ക്വാറന്റൈൻ കേന്ദ്രത്തിലെ ആളുകളെ വെള്ളപ്പൊക്കത്തെ തുടർന്ന് എണ്ണിക്കാട് ഐ.ജി.ഒ കാമ്പസിലെ മറ്റൊരു സെന്ററിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടോടെ ഒ.ഇ.എം സ്‌കൂൾ പരിസരത്ത് ജലനിരപ്പ് ഉയരാൻ തുടങ്ങിയിരുന്നു. ഇതേതുടർന്ന് ഗുരുതരമായ സാഹചര്യമൊഴിവാക്കാൻ ആളുകളെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നെല്ലിമലയിൽ നിന്ന് ഒ.ഇ.എം സ്‌കൂളിലേക്ക് എത്തുന്ന വഴിയിലും നെല്ലാട് ഇരവിപേരൂർ എന്നിവിടങ്ങളിലും വെള്ളം കയറിയതോടെ ക്വാറന്റൈൻ കേന്ദ്രത്തിലെ ആളുകളെ വലിയവാഹനത്തിൽ മാറ്റുന്നതിനാണ് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യം ശ്രമിച്ചത്. എന്നാൽ നെല്ലിമലകുമ്പനാട് പാതയിൽ വെള്ളമില്ലാത്തതിനാൽ ആ വഴി തിരഞ്ഞെടുത്താണ് ക്വാറന്റൈൻ കേന്ദ്രത്തിലുള്ളവരെ നീക്കിയത്. 13 പേരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസിൽ അഞ്ച് പ്രാവശ്യമായാണ് ഇവിടെ നിന്നുള്ളവരെ എണ്ണിക്കാടുള്ള ഐ.ജി.ഒ കാമ്പസ് കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആരംഭിച്ച പ്രയത്‌നത്തിനൊടുവിൽ രാത്രി 12.30നാണ് മുഴുവൻ പേരെയും ഐ.ജി.ഒയിലേക്ക് മാറ്റിയത്.