പത്തനംതിട്ട: ശബരിമല പാതയിൽ പ്ളാന്തോട് മലയും റോഡും നെടുകെ പിളർന്നു. അട്ടത്തോതോടിനും ചാലക്കയത്തിനുമിടയിലുള്ള മലയും റോഡുമാണ് അപകടകരമായ നിലയിൽ പിളർന്നത്. ദിവസങ്ങളായി ഇവിടെ കനത്ത മഴ പെയ്യുകയായിരുന്നു . കഴിഞ്ഞ ദിവസം രാവിലെ ചെറിയതോതിൽ പിളർന്ന മലയിലെ വിള്ളൽ വൈകിട്ടോടെ വലുതാവുകയായിരുന്നു. ഒരടി താഴ്ചയോളം അപകടകരമായ നിലയിലാണ് മലയിലെയും റോഡിലെയും വിള്ളൽ. റോഡിൽ നൂറ് മീറ്റർ ഭാഗത്ത് നെടുകെ പിളർന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സി.എൻജിനീയർ ഷീനാ രാജൻ പറഞ്ഞു.
2018 പ്രളയത്തിലും ഇവിടെ ഇടിഞ്ഞുതാണിരുന്നു. പൊതുമരാമത്ത് റോഡ് വിഭാഗം അന്ന് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. എന്നാൽ, ഇത്തവണ മലയും പിളർന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
പൂജകൾക്കായി ശബരിമലയിലേക്ക് തന്ത്രിക്കും ജീവനക്കാർക്കും തൊഴിലാളികൾക്കും പോകുന്നതിനും തിരികെ വരുന്നതിനും താൽക്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഇന്നോ നാളയോ സ്ഥലം സന്ദർശിക്കുമെന്ന്പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എൻജിനീയർ ഷീനാ രാജൻ പറഞ്ഞു. . റോഡ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങും.
,