പത്തനംതിട്ട: ജില്ലയിലെ ഡാമുകളിലെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നത് കണക്കിലെടുത്ത് ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. രണ്ട് അടി വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കന്റിൽ 82 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ എട്ട് മണിക്കൂർ തുറക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിടുകയായിരുന്നു.
ഡാം തുറന്നതോടെ പമ്പാനദിയിൽ 40സെന്റീമീറ്റർ വരെ വെള്ളം ഉയർന്നിട്ടുണ്ട്. മഴ കനത്താൽ നദിയിലെ വെള്ളം വീണ്ടും ഉയർന്നേക്കും. തീരങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 2018ലെ പ്രളയത്തിൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഡാം തുറന്നതിനാൽ റാന്നിയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി വലിയ തോതിൽ നാശനഷ്ടമുണ്ടായിരുന്നു. ഇത്തവണ ജനവാസ മേഖലകളിൽ ഭീതിയൊഴിവാക്കാൻ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കാൻ ജില്ലാ ദുരന്ത നിവാരണ വിഭാഗം തീരുമാനിച്ചത്.
@ പമ്പ ഡാം
1966ൽ കമ്മിഷൻ ചെയ്തു.
പരമാവധി ജല സംഭരണ ശേഷി 986.33മീറ്റർ.
നിലവിലെ ജലനിരപ്പ് 983.5 മീറ്റർ.
ഡാം തുറക്കുന്നത് സംബന്ധിച്ച് സെൻട്രൽ വാട്ടർ കമ്മിഷൻ നൽകിയിട്ടുള്ള നിർദേശം: 984.5മീറ്ററിൽ
റെഡ് അലർട്ട്. 985 മീറ്ററിൽ ഷട്ടറുകൾ ഉയർത്തണം.
@ ഡാം തുറന്നാൽ വെള്ളം ഒഴുകിയെത്തുന്ന മേഖലകൾ
നാല്- അഞ്ച് മണിക്കൂറിനുള്ളിൽ റാന്നി (ആദ്യ ജനവാസ മേഖല)
ഏഴ് മണിക്കൂറിൽ അിയിരൂർ, കോഴഞ്ചേരി, ആറൻമുള.
ഒൻപത് - പത്ത് മണിക്കൂറിൽ ചെങ്ങന്നൂർ.
പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തിരുവല്ല (അപ്പർ കുട്ടനാട്).
@ കൊല്ലത്ത് നിന്ന് വള്ളങ്ങളെത്തി
2018ലേതു പോലെ പ്രളയമുണ്ടായാൽ പത്തനംതിട്ട ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് കൊല്ലം നീണ്ടകര, ആലപ്പാട് ഭാഗങ്ങളിൽ നിന്ന് 25 വള്ളങ്ങളും നൂറിലേറെ മത്സ്യത്തൊഴിലാളികളുമെത്തി. ഇവരെ റാന്നി, കോഴഞ്ചേരി, ആറൻമുള, തിരുവല്ല ഭാഗങ്ങളിൽ വിന്യസിച്ചു.
@ 1015 കുടുംബങ്ങളെ 103 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
'' ഡാം തുറന്നു വിട്ടതിൽ ആശങ്ക വേണ്ട. ശക്തമായ മഴ മൂലം രാത്രിയിൽ ഡാം തുറക്കുന്നതിനുള്ള സാഹചര്യം ഒഴിക്കാനാണ് നടപടി.
പി.ബി.നൂഹ്, ജില്ലാ കളക്ടർ.