justin
മരിച്ച ജസ്റ്റിൻ

കോട്ടയം: മണർകാട് നാലുമണിക്കാറ്റിനു സമീപം ഒഴുക്കിൽപ്പെട്ട കാറിനൊപ്പം കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയിയാണ് (26) മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറാണ്. പന്ത്രണ്ടു മണിക്കൂറിനു ശേഷമാണ് കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്താനായത്

ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. നെടുമ്പാശേരിയിൽ നിന്ന് ഒരു യാത്രക്കാരനെ മല്ലപ്പള്ളിയിലെ വീട്ടിൽ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു ജസ്റ്റിൻ. ഏറ്റുമാനൂരിലേയ്‌ക്കുള്ള എളുപ്പവഴിയായ മണർകാട് ബൈപ്പാസ് വഴി പോകവെ പാലമുറിയ്‌ക്ക് സമീപം കാർ വെള്ളത്തിൽ കുടുങ്ങി ഓഫായി. പുറത്തിറങ്ങിയ ജസ്റ്റിൻ സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ ക്രെയിൻ സർവീസുകാരെ വിളിച്ചു വരുത്തി. ക്രെയിനിൽ കയർ കെട്ടി കാർ വലിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി. കയർ വീണ്ടും കെട്ടുന്നതിനും ഹാൻഡ് ബ്രേക്ക് നീക്കുന്നതിനുമായി ഡോർ തുറന്ന് അകത്തുകയറിയതോ‌ടെ കാറുൾപ്പെടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുപ്പതു മീറ്ററോളം മാറി, കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പിതാവ് പരേതനായ ജോയി. മാതാവ് ലീല. സഹോദരൻ അഖിൽ.

വിദേശത്തു നിന്നെത്തുന്ന ഒട്ടേറെ യാത്രക്കാരെ വീടുകളിൽ എത്തിക്കേണ്ടിയിരുന്നതിനാൽ ജസ്റ്റിൻ വീട്ടിൽ പോയിട്ട് ദിവസങ്ങളായിരുന്നു.

പിതാവ് മരിച്ചത് പ്രളയ സമയത്ത്
രണ്ടു വർഷം മുൻപുണ്ടായ പ്രളയകാലത്താണ് ജസ്റ്റിന്റെ പിതാവ് ജോയി മരിച്ചത്. ഇവരുടെ വീട്ടിൽ വെള്ളം കയറിയിരുന്നില്ലെങ്കിലും വീട്ടിലേയ്‌ക്കുള്ള വഴി നിറയെ വെള്ളമായിരുന്നു. ഇതിനിടെയാണ് ജോയി‌ക്ക് ഹൃദയാഘാതമുണ്ടായത്. ഇതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെത്തുടർന്ന് രക്ഷിക്കാനായില്ല.