നാരങ്ങാനം: സ്വകാര്യ വ്യക്തിയുടെ ഭൂമിയെ കാട് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ഇഴജന്തുക്കളുടെ ശല്യം കാരണം വെളിയിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. നാട്ടിലില്ലാത്ത വ്യക്തികളുടെ പരിചരണമില്ലാത്ത പറമ്പിൽ ഇല്ലാത്ത ജീവികളില്ല. മഴയായതോടെ ഇവ സമീപത്തെവീടുകളുടെ അരികിലും തൊഴുത്തിലും കോഴിക്കൂട്ടിലും വരെ കയറുന്നുണ്ട്. പാമ്പും ചെന്നായയും മരപ്പട്ടിയും മാത്രമല്ല മുള്ളൻപന്നിവരെ വീട്ടിൽ കയറി വരുന്ന സ്ഥിതിയാണ്. നാരങ്ങാനം നിരന്ന കാലാ, മാഹാണിമല ഭാഗങ്ങളിലാണ് കൊടുവനത്തിന് സമാനമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കാടുകയറി കിടക്കുന്നത്. സന്ധ്യകഴിഞ്ഞാൽ ഭയന്ന് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇഞ്ചമുള്ള് വളർന്ന് പടർന്ന് റോഡിലേക്കും വളർന്നിറങ്ങിയിട്ടുണ്ട്.പന്നിക്കൂട്ടങ്ങൾ കൃഷി നാശിപ്പിക്കുന്നുമുണ്ട്. കുട്ടികളെ വീടിന് പുറത്തിറക്കാൻ കൂടി ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു.പഞ്ചായത്തിൽ നിന്നും കാടു നീക്കംചെയ്യുന്നതിന് ഉടമസ്ഥർക്ക് കത്ത് നൽകണമെന്നും പരിഹാരമുണ്ടാകാത്ത പക്ഷം പഞ്ചായത്ത് കാട് നീക്കി തരുന്നതിനും ചെലവാകുന്ന തുക ഭൂഉടമകളിൽ നിന്ന് ഈടാക്കുന്നതിനും നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.