v
.

തിരുവല്ല : തിരുവല്ല മേഖലയിൽ വെള്ളം ഒഴിഞ്ഞിട്ടില്ലെങ്കിലും മഴ കുറഞ്ഞതും നദിയിൽ ഒഴുക്കിന്റെ ശക്തി കുറഞ്ഞതും നേരിയ ആശ്വാസമായെങ്കിലും ഭീത ഒഴിഞ്ഞിട്ടില്ല. പമ്പാഡാമിന്റെ ഷട്ടറുകൾ ഞായറാഴ്ച ഉയർത്തിയതോടെ ഭീതിയിലായിരുന്നു ജനങ്ങൾ. വൈകിട്ട് അപ്പർകുട്ടനാടൻ മേഖലയിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിരുന്നു. ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ വെള്ളത്തിന്റെ വരവ് കുറഞ്ഞു. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷവും ഇടവിട്ട് പെയ്യുന്ന മഴയും കാരണം വെള്ളപ്പൊക്ക ഭീഷണി മാറുന്നില്ല.

താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും നഗരസഭ ആരോഗ്യ വിഭാഗത്തിലെയും താലൂക്ക് ആശുപത്രിയിലെയും മെഡിക്കൽ സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ . രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും എലിപ്പനിക്കുള്ള പ്രതിരോധ മരുന്നും പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്കുള്ള മരുന്നുകളുമാണ് നൽകിയത്. ക്യാമ്പിലുള്ള കൊച്ചു കുട്ടികൾക്ക് പോഷകാഹാര കിറ്റുകളും നൽകുന്നുണ്ട്. കൊവിഡ് സമൂഹ വ്യാപനം ഒഴിവാക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ വിഭാഗം നൽകുന്നുണ്ടെന്ന് പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.എം സാബുക്കുട്ടി പറഞ്ഞു

ദുരിതാശ്വാസ ക്യാമ്പുകൾ മാത്യു ടി. തോമസ് എം.എൽ.എ സന്ദർശിച്ചു.

--------------

പെരിങ്ങര ഒറ്റപ്പെട്ടു

റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം നിലച്ചതോടെ പെരിങ്ങര പഞ്ചായത്ത് ഒറ്റപ്പെട്ടു . മേപ്രാൽ അഴിയിടത്തുചിറ, ചാത്തങ്കരി കാഞ്ഞിരത്തുംമൂട് , മൂവിടത്തു പടി മേപ്രാൽ, കാവുംഭാഗം മുട്ടാർ , മേപ്രാൽ കിടങ്ങറ എന്നീ റോഡുകളെല്ലാം മുങ്ങി.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ടിപ്പർ ലോറികളും ആരോഗ്യ വിഭാഗത്തിന്റെയും റവന്യൂ വിഭാഗത്തിന്റെയും ചില വാഹനങ്ങളും മാത്രമാണ് റോഡിലൂടെ പോകുന്നത്. കിഴക്കുനിന്നുള്ള വെള്ളം വരവ് കുറയുന്നതിനാൽ ഇന്ന് വൈകുന്നേരത്തോടെ പഞ്ചായത്തിലെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് പറഞ്ഞു.

------------


ബസ് സർവീസുകൾ നിറുത്തി

തിരുവല്ല ഡിപ്പോയിൽ നിന്ന് അമ്പലപ്പുഴ റൂട്ടിലേക്ക് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറിയതിനാൽ നിറുത്തിവച്ചു. നെടുമ്പ്രം ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നതിനെ തുടർന്നാണ് സർവീസുകൾ നിറുത്തിയത്. തിരുവല്ലയിൽ നിന്ന് വീയപുരം ലിങ്ക് ഹൈവേ വഴിയുള്ള സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ, എടത്വ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ചക്കുളത്തുകാവ് വരെയെത്തി തിരികെ സർവീസ് നടത്തും. എടത്വ ഹരിപ്പാട്, എടത്വ ചമ്പക്കുളം, എടത്വ തായങ്കരി എന്നീ സർവീസുകളും നിറുത്തി. തിരുവല്ല കായംകുളം സംസ്ഥാന പാതയിലൂടെയുള്ള സർവീസുകൾക്ക് ഇതുവരെ തടസമുണ്ടായിട്ടില്ലെന്ന് എ.ടി.ഒ അജിത്ത് പറഞ്ഞു.