കോന്നി :കാർഷിക ഗ്രാമമായ കോന്നിയിൽ കൃഷിഭവന് സ്വന്തം കെട്ടിടം ഉയരുന്നു. വർഷങ്ങളായി വാടക കെട്ടിടത്തിന്റെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന കൃഷിഭവനാണ് ഇപ്പോൾ സ്വന്തം ഭൂമിയിൽ കെട്ടിടവും ഉരുന്നത്. കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ആരംഭിച്ച ഗൂർഖണ്ഡസാരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥലമാണ് കൃഷിഭവനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങളായ അട്ടച്ചാക്കൽ,കിഴക്കു പുറം,ചെങ്ങറ,അതുമ്പുംകുളം,പയ്യനാമൺ എന്നിവിടങ്ങളിലെ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായിട്ടാണ് സൊസൈറ്റി പ്രസിഡന്റ് കെ.ജി.കൈമൾ പ്രധാനമായും കൃഷി അനുബന്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങിയ സൊസൈറ്റിയുടെ സ്ഥലം കൃഷിഭവന് തന്നെ നൽകണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.
ആദ്യഘട്ടത്തിന് 20 ലക്ഷം
2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പുതിയ കൃഷിഭവന് രൂപരേഖ തയാറാക്കി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 10ലക്ഷം രൂപ കൂടി ലഭിച്ചതോടുകൂടി 20ലക്ഷം രൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമാകുന്നത്. കൃഷി ഭവനോട് അനുബന്ധമായി നാലാം വാർഡിലെ അങ്കണവാടിയ്ക്കും ആസ്ഥാനമാകും. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽസിന്റെ അംഗീകാരത്തോടെ കോന്നി പയ്യനാമണ്ണിൽ പ്രവർത്തിച്ചു വന്നിരുന്ന ഗുർഖണ്ഡസാരി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കൈവശം ചാങ്കൂർ ജംഗ്ഷനു സമീപമുള്ള 12സെന്റ് സ്ഥലമാണ് ഇപ്പോൾ കൃഷി ഭവനു വേണ്ടി കൈമാറി കിട്ടിയിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ നിരന്തരം നടത്തിയ ഇടപെടിലിനൊടുവിലാണ് ഭൂമി കൈമാറ്റം യാഥാർത്ഥ്യമായത്.