പത്തനംതിട്ട- ജില്ലയിലെ ആറ് താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേർ കഴിയുന്നു. ഇതിൽ 2087 പുരുഷൻമാരും 2232 സ്ത്രീകളും 847 കുട്ടികളും ഉൾപ്പെടുന്നു. മാറ്റിപ്പാർപ്പിച്ചതിൽ കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരും ഉൾപ്പെടും.
മല്ലപ്പള്ളി താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 68 കുടുംബങ്ങളിൽ നിന്നായി 235 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്.
കോഴഞ്ചേരി താലൂക്കിൽ 20 ക്യാമ്പുകളിലായി 229 കുടുംബങ്ങളിൽ നിന്നായി 710 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈനിലുള്ള ആറു പേരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി.
റാന്നി താലൂക്കിൽ നാല് ക്യാമ്പുകളിലായി 81 കുടുംബങ്ങളിൽ നിന്നായി 227 പേരെയാണ് മാറ്റി.
അടൂർ താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 32 കുടുംബങ്ങളിൽ നിന്നായി 99 പേരുണ്ട്.
-----------
തിരുവല്ലയിൽ 3903 പേർ ക്യാമ്പുകളിൽ
തിരുവല്ല: വെള്ളപ്പൊക്കം തുടരുന്ന തുരുവല്ലയിൽ
3903 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. ഇന്നലെ 31 ക്യാമ്പുകൾ കൂടി തുറന്നതോടെ ആകെ 91 ക്യാമ്പുകളായി.
തോട്ടപ്പുഴശ്ശേരി- 4, കുറ്റപ്പുഴ - 5, കടപ്ര - 7, കോയിപ്രം -12, നെടുമ്പ്രം - 3, ഇരവിപേരൂർ - 14, കുറ്റൂർ - 13, കവിയൂർ - , കാവുംഭാഗം - 9, പെരിങ്ങര -5, തിരുവല്ല - 7, നിരണം - 8 എന്നിങ്ങനെയാണ് ക്യാമ്പുകൾ
------------
റാന്നിയിൽ വെള്ളമിറങ്ങി
റാന്നി: റാന്നിയിലെ വെള്ളപ്പൊക്കം ഒഴിവായതോടെ ഭീതിയൊഴിഞ്ഞ് നാട്ടുകാർ. ജില്ലയിൽ ആദ്യം വെള്ളം കയറുന്നത് റാന്നി ടൗണിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പമ്പ ഡാം തുറന്നുവിടുമെന്നും അഞ്ച് മണിക്കൂറിനുള്ളിൽ റാന്നി ടൗണിൽ വെള്ളമെത്തുമെന്ന വാർത്ത പരന്നതോടെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായി.പമ്പാനദീ തീരത്തുളള ഭൂരിഭാഗം ആളുകളും ബന്ധു വീടുകളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ മാറ്റുകയും ചെയ്തു. ഞായറാഴ്ച രാത്രി പമ്പാനദീ തീരത്തെ റാന്നി
ഭാഗത്തെ ജലനിരപ്പ് ചെറിയ തോതിൽ ഉയന്നിരുന്നു.
ഇന്നലെ രാവിലെയോടെ ജലനിരപ്പ് താഴ്ന്നു.
ഇന്നലെ വ്യാപാരികൾ കടകൾ വൃത്തിയാക്കി കച്ചവടം ആരംഭിച്ചു. ഗതാഗത സംവിധാനം പഴയ നിലയിലായി.
ബസ് സർവീസുകൾ കുറവായിരുന്നു.ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു..