perunad
..

പത്തനംതിട്ട : പെരുനാട് മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽ വെള്ളം കയറിയതോടെ വൈദ്യുതി ഉൽപാദനം നിറുത്തിവച്ചു. തു‌ടർച്ചയായ മൂന്നാമത്തെ വർഷമാണ് മഴയിൽ പവർഹൗസ് വെള്ളത്തിലാകുന്നത്.വൈദ്യുതി ഉത്പാദനം നിറുത്തുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.

ചെറിയ വെള്ളപ്പൊക്കത്തിൽ പോലും വെള്ളം കയറുന്ന പ്രദേശമാണിത്. കക്കാട്ടാറിനോട് ചേർന്നാണ് പവർഹൗസ് . വെള്ളം കയറിയാലുടൻ ജനറേറ്റർ നിറുത്തും. പവർ ഹൗസിന്റെ നിർമ്മാണം തുടങ്ങിയപ്പോൾത്തന്നെ ഇതിലെ അശാസ്ത്രീയതയെക്കുറിച്ച് പരാതി ഉയർന്നിരുന്നു. പക്ഷേ വേണ്ടത്ര പഠനം നടത്താതെ നിർമ്മാണം തുടരുകയായിരുന്നു.

വെള്ളം കയറുന്നത് ഒഴിവാക്കാൻ കക്കാട്ടാറ്റിലെ ചപ്പാത്ത് കഴിഞ്ഞ വർഷം പൊളിച്ചിരുന്നു. പക്ഷേ പ്രയോജനമുണ്ടായില്ല.

മണിയാർ കാർ ബോറാണ്ടം സ്വകാര്യ ജലവൈദ്യുത പദ്ധതി അവിടുത്തെ ഉൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളം തടയണ കെട്ടി തടഞ്ഞാണ് പെരുനാട് മിനി ജലവൈദ്യുതി പദ്ധതി നാല് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

2012 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

ജനറേറ്റർ പൂർണമായും പ്രവർത്തന സജ്ജമാകാൻ മൂന്ന് മാസമെടുക്കുമെന്ന് ഡാം സേഫ്റ്റി ഓഫീസർ അറിയിച്ചു.