ചെങ്ങന്നൂർ: വൈദികന് കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെ കല്ലിശേരിയിൽ വൈദികനുമായി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നാല് പേർക്ക് ഇന്നലെ കൊവിഡ് പോസിറ്റീവായി. ഇതോടെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. 7, 8, 10, 9ാം വാർഡിന്റെ പകുതി ഭാഗവുമാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.കല്ലിശേരി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വൈദികന് കഴിഞ്ഞ 26നാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതേത്തുടർന്ന് വൈദികന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ട ആളുകളെ ക്വാറന്റൈനിൽ ആക്കിയിരുന്നു. തിരുവൻവണ്ടൂരിൽ നടന്ന പ്രാർത്ഥനാ യോഗത്തിലും വിവിധ സ്ഥലങ്ങളിലെ പ്രാർത്ഥനകളിലും വൈദികൻ പങ്കെടുത്തിരുന്നു. വൈദികനുമായി അടുത്ത് സമ്പർക്കം പുലർത്തിയ കല്ലിശേരി കോൺവെന്റിലെ ഒരു കന്യാസ്ത്രീക്കും കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചു. ഇതേത്തുടർന്ന് കല്ലിശേരിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് എത്തി അടപ്പിച്ചിരുന്നു.
കല്ലിശേരി കോൺവെന്റിലെ 17 കന്യാസ്ത്രീകളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതോടെ വൈദികനുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 62 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു. ഇതിൽ 42 പേരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. പ്രാഥമിക ലിസ്റ്റിൽ പെട്ട 20 പേരുടെ സ്രവ പരിശോധന അടുത്ത ദിവസങ്ങളിലും സെക്കൻഡറി ലിസ്റ്റിൽപെട്ട 40 പേരുടെ സ്രവ പരിശോധന ഇന്നും നാളെയുമായി നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.