മല്ലപ്പള്ളി : ടൗണിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി. മല്ലപ്പള്ളിയിലെ വ്യാപാരിയുടെ സഹായിയും തമിഴ്‌നാട് സ്വദേശിയുമായ ഖാലിദ് റഹ്മാനെയാണ് ഞായറാഴ്ച ഉച്ചമുതൽ കാണാതായത്. കഴിഞ്ഞ ബുധനാഴ്ച തമിഴ്‌നാട്ടിൽ നിന്നും എത്തി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന ലോഡ്ജിൽ നിരീക്ഷണത്തിൽ താമസിക്കുകയായിരുന്നു. കൊവിഡ് കെയർ സെന്ററിന്റെ ചുമതലയുള്ള അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ അറിയിപ്പിനെ തുടർന്ന് പഞ്ചായത്ത് കീഴ്വായ്പ്പൂര് പൊലീസിൽ പരാതി നൽകി. ഇയാൾ ഉപയോഗിച്ചുവന്ന ഇരുചക്രവാഹനവും താക്കോലും ലോഡ്ജ് ഉടമസ്ഥനെ ഏൽപ്പിച്ചിട്ടാണ് ഇയാൾ നാടുവിട്ടത്. അടുത്ത ബന്ധുവിന്റെ നിര്യാണത്തെ തുടർന്ന് സുഹൃത്തിന്റെ വാഹനത്തിൽ തമിഴ്‌നാട്ടിലെത്തിയെന്നും സൂചനയുണ്ട്.