dam
.

പത്തനംതിട്ട : മഴയുടെ ശക്തികുറഞ്ഞെങ്കിലും പ്രളയഭീതി ഒഴിയാതെ നാട്. ഇന്നലെ ജില്ലയിൽ പൊതുവെ മഴയുടെ ശക്തി കുറവായിരുന്നു. മലയോര മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ചെറിയ ചാറൽ മഴ മാത്രമായിരുന്നു. പമ്പ ഡാമിന്റെ തുറന്ന ആറ് ഷട്ടറുകളും ഇന്നലെ വൈകിട്ട് ആറരയോടെ അടച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ 60 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.

പമ്പയിൽ ശനിയാഴ്ച രാത്രിയോടെ വള്ളം പത്തടി വരെ താഴ്ന്നതിനാൽ ഡാമുകൾ തുറന്നുവിട്ടപ്പോൾ അപകടകരമായ രീതിയിൽ വെള്ളം ഉയർന്നില്ല. അപ്പർ കുട്ടനാട്ടിൽ വലിയ തോതിൽ വെള്ളം ഉയർന്നില്ല.

വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് കൊല്ലത്തുനിന്ന് എത്തിച്ച 25 ബോട്ടുകളും 100 മത്സ്യത്തൊഴിലാളികളും വരും ദിവസങ്ങളിലും ജില്ലയിൽ തുടരും. റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലാണ് ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്.

2018 ആഗസ്റ്റ് 8,9 തീയതികളിൽ മഴ ശക്തമായി ഒഴിഞ്ഞിരുന്നു. പിന്നീട് 14,15 തീയതികളിൽ അതിശക്തമായ മഴയും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാവുകയായിരുന്നു. അതേ രീതിയിൽ ഇത്തവണയും സംഭവിച്ചാൽ രക്ഷാ പ്രവർത്തനത്തിന് വേണ്ട മുൻകരുതലുകൾ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. നദീതീരങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

--------------

മുൻകരുതലുകൾ സ്വീകരിച്ചതായി മന്ത്രി


വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പന്തളം മേഖലയിലുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ നിലവിൽ ഭയപ്പാടുണ്ടാക്കുന്ന രീതിയിലുള്ള വെള്ളപ്പൊക്ക സാഹചര്യമില്ല. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യവുമില്ല. . കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ, തുടർന്നു മഴ പെയ്താൽ ജലനിരപ്പ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. വെള്ളം കയറാൻ സാദ്ധ്യതയുള്ള മേഖലകളിലെ ആളുകളെ വീടുകളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. അതുപ്രകാരം ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.
പന്തളം മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ബാധിച്ചിരുന്നു. മുൻ അനുഭവം മുൻനിർത്തി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെള്ളപ്പൊക്ക മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.