ഇളമണ്ണൂർ: കടൽ മീൻ കിട്ടാൻ കൊതിച്ചിരിക്കുകയാണ് ജനം. കൊവിഡ് വ്യാപനത്തെ തുടർന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും കച്ചവടം നിരോധിച്ചതുമാണ് മീൻ പ്രിയരെ വലച്ചത്. വളർത്തുമത്സ്യങ്ങളും കായൽ മീനുകളും പുഴമീനുകളും തേടിയിറങ്ങിയിരിക്കുകയാണ് അവർ.
കുളങ്ങളിലും പാടശേഖരങ്ങളിലും മീനുകളെ വളർത്തിയിരുന്നവർക്ക് ചാകരയാണ്. ചിറകളിലും വളർത്തുകേന്ദ്രങ്ങളിലും കുളങ്ങളിലും വളർത്തുന്ന മീനിന് രുചി ഉണ്ടാകില്ലെന്ന് പറഞ്ഞ് മുമ്പ് തഴഞ്ഞവർ ഇപ്പോൾ കാലുമാറി. ഇതിൽപരം രുചി വേറെയില്ലെന്നാണ് അവരുടെ വാദം. കിലോയ്ക്ക് 200 രൂപക്ക് നേരത്തെ വിറ്റിരുന്ന വളർത്തുമത്സ്യങ്ങളുടെ ഇപ്പോഴത്തെ വില 450 രൂപക്ക് മുകളിലാണ്. സിലോപ്പിയ, ആസാം വാള , രോഹു, കട് ല , കരിമീൻ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. കായലിൽ ചെറിയ തോതിൽ മത്സ്യബന്ധനം നടക്കാറുണ്ടങ്കിലും അവയ്ക്കും തീവിലയാണ്.
തമിഴ് നാട്ടിൽ നിന്ന് കടൽ മത്സ്യങ്ങൾ ചെറിയ തോതിൽ എത്തിത്തുടങ്ങിയെങ്കിലും കൊവി ഡ് ഭീതി മൂലം ആവശ്യക്കാർ കുറവാണ്. പാടശേഖരങ്ങളിലും കൈത്തോടുകളിലും ജലനിരപ്പ് താഴ്ന്നതോടെ വലവീശിയും ചൂണ്ടയിട്ടും മീൻ പിടിക്കുന്നവരും സജീവമായി. പിടിക്കുന്നിടത്ത് നിന്നുതന്നെ ചോദിക്കുന്ന വില നൽകി വാങ്ങാൻ ആവശ്യക്കാരേറെയാണ്. ജലാശയങ്ങളും തോടുകളും പുഞ്ചയും ചിറകളും കേന്ദ്രീകരിച്ചാണ് നാടൻ മീൻപിടിത്തം. പള്ളത്തി, കുറുവ, കൈതക്കോര, വരാൽ, ആരകൻ, മുഷി എന്നിവയാണ്ഇവിടെ നിന്ന് കിട്ടുന്നത്. മത്സ്യ ലഭ്യത കുറഞ്ഞതോടെ മാംസത്തിനും വിലയേറിയിരിക്കുകയാണ്. കോഴിയിറച്ചിക്ക് 115 രൂപയും പോത്തിറച്ചിക്ക് 360 രൂപയുമായി.
-----------
വളർത്തുമത്സ്യത്തിന് തീവില
കിലോയ്ക്ക് 450ന് മുകളിൽ
പ്രിയം ഇവയ്ക്ക്
വളർത്തു മത്സ്യം- സിലോപ്പിയ, ആസാം വാള , രോഹു, കട് ല , കരിമീൻ
പുഴമീൻ- പള്ളത്തി, കുറുവ, കൈതക്കോര, വരാൽ, ആരകൻ, മുഷി