കോന്നി: മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമുണ്ടായ കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു.
നഷ്ടപരിഹാരം നല്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ റവന്യൂ, കൃഷി വകുപ്പു മന്ത്റിമാർക്ക് വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി കത്തു നല്കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്കുന്നതിനായി നഷ്ടം തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയതായും എം.എൽ.എ പറഞ്ഞു. അച്ചൻകോവിലാർ കരകവിഞ്ഞതുമൂലം ആറു കടന്നു പോകുന്ന മേഖലകളിൽ വ്യാപക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.കപ്പ,വാഴ,ഇഞ്ചി തുടങ്ങി വിവിധങ്ങളായ കൃഷികൾ വെള്ളം കയറി നശിച്ചു.താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കൃഷി ഓഫീസർടക്കം, കോന്നി തഹസിൽദാർക്കും നിർദ്ദേശം നല്കി. സീതത്തോട്,ചി​റ്റാർ പഞ്ചായത്തുകളിൽ മണ്ണിടിച്ചിൽ മൂലം നിരവധി വീടുകൾ തകർന്നു.വീടുകൾ പുന:ർനിർമ്മിച്ച് വാസയോഗ്യമാക്കുന്നതിന് അടിയന്തര ഇടപെടീൽ നടത്തുന്നതിന് എം.എൽ.എ ജില്ലാ കളക്ടറുമായി ചർച്ച നടത്തി. മണ്ണിടിച്ചിലിൽ വീടു തകർന്ന സീതത്തോട് കാവുങ്കമണ്ണിൽ ജോസ് അടക്കം നിരവധിയാളുകളുടെ വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു ചർച്ച.കൊക്കാത്തോട്ടിലും തകർന്ന വീടുകളിലും സന്ദർശനം നടത്തി.അരുവാപ്പുലം, കോന്നി,പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലെ അച്ചൻകോവിലാറിനോട് ചേർന്ന മേഖലകളിൽ കൃഷി ചെയ്ത കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി എം.എൽ.എ പറഞ്ഞു.മരങ്ങൾ വീണ് നിരവധി വീടുകളും തകർന്നിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കൻ അടിയന്തര നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നല്കിയിട്ടുണ്ടെന്നും വെള്ളം കയറിയ വീടുകളും, വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രംഗത്തിറങ്ങി സഹായങ്ങൾ ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു.