പത്തനംതിട്ട : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ പി.പി.മത്തായി മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ: പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തി കുററവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മത്തായിയുടെ ഭാര്യയും ബന്ധുക്കളും വിശ്വസിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചിറ്റാർ മേഖലയിൽ ബഹുജന (പ്രതിഷേധവും പ്രക്ഷോഭവും നടക്കുകയാണ്. മത്തായിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പാകുംവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. മത്തായിയുടെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും കുര്യൻ ആവശ്യപ്പെട്ടു.