p
.


പത്തനംതിട്ട : ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും കുറഞ്ഞത് നാലു പ്രധാന ജംഗ്ഷനുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.
ഗവൺമെന്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി പൊലീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ എല്ലാ എസ് എച്ച് ഒ മാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
കൊവിഡ് രോഗം വ്യാപിക്കുന്നത് തടയുന്നതിന് കൈക്കൊണ്ടുവരുന്ന ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുക വഴി മഹാമാരിയെ അകറ്റിനിറുത്താനും രോഗബാധിതരെയും രോഗമുക്തരായവരെയും ഒരുതരത്തിലും വിവേചനബുദ്ധ്യാ മാറ്റിനിറുത്താതിരിക്കാനും ആഹ്വാനം ചെയ്യുന്നതാണ് പ്രതിജ്ഞ.
ഇത്തരത്തിൽ രോഗബാധിതരെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് സമൂഹത്തിന് മുഴുവൻ ബാദ്ധ്യതയുണ്ടെന്ന് ഓർമിപ്പിക്കുന്നതാകും പ്രതിജ്ഞ. തത്സമയം ആളുകൾക്ക് റെക്കോർഡ് ചെയ്തു സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാം.
കണ്ടൈൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. കണ്ടൈൻമെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്നതായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ക്വാറന്റൈൻ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും നിയമ നടപടികളെടുക്കുന്നുണ്ട്. രോഗം വ്യാപിക്കാതിരിക്കുന്നതിന് ആളുകൾ സ്വയം പ്രതിരോധം തീർക്കണമെന്നും ക്വാറന്റൈനിലുള്ളവർ പൊലീസിന്റെ നിരന്തരനിരീക്ഷണത്തിലാണെന്നും ലംഘനങ്ങൾ കർശനമായി തടയുമെന്നും ജനങ്ങൾ സ്വയമേ നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

---------------


ലോക്ക് ഡൗൺ ലംഘനം ഇന്നലെ -

കേസുകൾ -42

അറസ്റ്റ് 39

മാസ്കില്ലാത്തവർക്ക് നോട്ടീസ് - 157