ചെങ്ങന്നൂർ: നഗരസഭയുടെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 15.5 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഉൽപ്പാദന മേഖലയ്ക്ക് 80 ലക്ഷം രൂപയുടെയും മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 1.68 കോടി രൂപയുടെയും പാർപ്പിട പദ്ധതിയ്ക്കായി 1.25 കോടി രൂപയുടെയും മരാമത്ത് പണികൾക്കായി 3.25 കോടി രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കൊവിഡ് 19 മായി ബന്ധപ്പെട്ട ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 92.5 ലക്ഷം രൂപയുടെ പദ്ധതികൾക്കും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 79.14 ലക്ഷം രൂപയുടെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു.വിവിധ റോഡുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അംഗീകാരം ലഭിച്ച 2.77 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 90 വാട്‌സിന്റെ എൽ.ഇഡി ലൈറ്റുകൾ സ്ഥാപിക്കൽ, സമ്പൂർണ്ണ ബയോബിൻ വിതരണം, പ്ലാസ്റ്റിക്ക് ഷണ്ഢിംഗ് യൂണിറ്റ് നിർമ്മാണം,എയ്‌റോബിക് കമ്പോസ്റ്റുകളുടെ നിർമ്മാണം തുടങ്ങി 237 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.