u
.

പത്തനംതിട്ട : വെള്ളിയാഴ്ചയുണ്ടായ ഉരുൾപ്പൊട്ടലിന്റെ ഭീതി ഇതുവരെ റാന്നി അയ്യൻമല നിവാസികൾക്ക് മാറിയിട്ടില്ല. നാശംവിതച്ച സ്ഥലങ്ങൾ സന്ദർശിച്ച രാജു ഏബ്രഹാം എം.എൽ.എയോട് അവർ തങ്ങളുടെ ദുരിതാവസ്ഥയെക്കുറിച്ച് പറഞ്ഞു. ദുർഘടവും ചെങ്കുത്തായതുമായ സ്ഥലത്തുകൂടി ഏറെ ആയാസപ്പെട്ടാണ് എംഎൽഎയും സംഘവും സ്ഥലത്ത് എത്തിയത്. തഹസിൽദാർ ജോൺ വർഗീസ്, എസ് ഹരിദാസ്, സി എസ് സുകുമാരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. നിലയ്ക്കലിന്റെ കിഴക്കുഭാഗത്ത് ചെരുവിലാണ് അയ്യൻമല. ഉരുൾപൊട്ടലിൽ ഉരുണ്ടുവന്ന 10 മുതൽ 20 ടൺ വരെ ഭാരമുള്ള കൂറ്റൻ പാറകൾ പലഭാഗത്തും തങ്ങിനിൽക്കുകയാണ്. അയ്യൻമലയുടെ മുകൾ ഭാഗം പിളർന്നുകീറി നിൽക്കുകയാണ്. വടത്തിന്റെ സഹായത്തോടെ കീഴ്ക്കാംതൂക്കായ മലഞ്ചെരുവിലൂടെ അതിസാഹസികമായാണ് സംഘം ഇവിടെ എത്തിയത്. അടുത്ത ഒരു വലിയ പേമാരിയെ ഉൾക്കൊള്ളാൻ അയ്യൻമലയ്ക്ക് ഒരിക്കലും കഴിയുകയില്ല. ഉരുൾപൊട്ടലിൽ വീടുകളും കിണറുകളും പൂർണമായി മൂടിപ്പോയി. ഇവിടുത്തെ 15 കുടുംബങ്ങളേയും അയ്യപ്പസേവാസംഘത്തിന്റെ ഇടത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

ജില്ലയിൽ 133 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ട : ജില്ലയിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2082 കുടുംബങ്ങളിലെ 6785 പേരെ മാറ്റിപ്പാർപ്പിച്ചു. .
ഏറ്റവും കൂടുതൽപേർ ദുരിതാശ്വാസ ക്യാമ്പിലുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 95 ക്യാമ്പുകളിലായി 1565 കുടുംബങ്ങളിലെ 5239 പേരുണ്ട്.
കോഴഞ്ചേരി താലൂക്കിൽ 19 ക്യാമ്പുകളിലായി 238 കുടുംബങ്ങളിലെ 737 പേരുണ്ട്..
മല്ലപ്പള്ളി താലൂക്കിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 48 കുടുംബങ്ങളിൽ നിന്നായി 158 പേരെയാണു മാറ്റിതാമസിപ്പിച്ചിരിക്കുന്നത്
അടൂർ താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളിൽ നിന്നായി 271 പേരുണ്ട്.
റാന്നി താലൂക്കിൽ മൂന്നു ക്യാമ്പുകളിലായി 52 കുടുംബങ്ങളിൽ നിന്നായി 113 പേരുണ്ട്.