തിരുവല്ല: മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെ തിരുവല്ലയിലും വെള്ളം
ഇറങ്ങിത്തുടങ്ങി. നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഒരടി വരെ കുറഞ്ഞിട്ടുണ്ട്. മലവെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞതോടെ പമ്പാ, മണിമല നദികളിലെ കലക്കവെള്ളം തെളിഞ്ഞു. അതേസമയം പടിഞ്ഞാറൻ മേഖലയിൽ
ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്
ഇന്നലെ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തിന് അൽപ്പം ആശ്വാസമുണ്ടായത് ഇന്നലെയാണ്. മഴ മാറിയതിനാൽ അടുത്ത ദിവസങ്ങളിൽ വെള്ളം ഒഴുകി മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം
ഇന്നലെ വൈകിട്ടോടെ അയ്യായിരം കടന്നു. പടിഞ്ഞാറൻ മേഖലകളിൽ നാല് ക്യാമ്പുകൾ കൂടി തുറന്നതോടെ ആകെ 95 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
തോട്ടപ്പുഴശ്ശേരി 4, കുറ്റപ്പുഴ 6, കടപ്ര 7, കോയിപ്രം 12, നെടുമ്പ്രം 3, ഇരവിപേരൂർ 14, കുറ്റൂർ 14, കവിയൂർ 4, കാവുംഭാഗം 10, പെരിങ്ങര 5, തിരുവല്ല 7, നിരണം 9 എന്നിങ്ങനെയാണ് ക്യാമ്പുകൾ.
------------
ദുരിതാശ്വാസ ക്യാമ്പുകളിൽ
മെഡിക്കൽ സൗകര്യം ഉറപ്പുവരുത്തും
പത്തനംതിട്ട : ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അവലോകന യോഗം തീരുമാനിച്ചു. രണ്ടു ദിവസത്തിൽ ഒരിക്കൽ അതത് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിലെത്തി പരിശോധന നടത്തും. ഇതിനാവശ്യമായ വാഹനസൗകര്യം അതത് പഞ്ചായത്തുകളുടെ സഹകരണത്തോടെ ലഭ്യമാക്കണം. മഴക്കാല രോഗ പ്രതിരോധത്തിനായി ആരോഗ്യ കേന്ദ്രങ്ങളിൽ എലിപ്പനി പ്രതിരോധ ഗുളികകൾ, ഒ.ആർ.എസ്, ബ്ലീച്ചിംങ് പൗഡർ എന്നിവ എത്തിക്കാനും തീരുമാനമായി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാചകം ചെയ്യാൻ ആവശ്യമായ ഗ്യാസ് സിലിണ്ടറുകൾ മുടക്കം വരാതെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ക്യാമ്പുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാനും തീരുമാനമായി. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
തിരുവല്ലതാലൂക്കിലെ പ്രവർത്തനങ്ങൾ മാത്യു ടി.തോമസ് എം.എൽ.എയും
റാന്നി നിയോജക മണ്ഡലത്തിനു കീഴിൽ വരുന്ന പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജു എബ്രഹാം എംഎൽഎയും ആറന്മുള നിയോജക മണ്ഡലത്തിനു കീഴിൽ വരുന്ന പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ വീണാ ജോർജ് എം.എൽഎയും വിലയിരുത്തി.
തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, സബ് കളക്ടർ ഡോ.വിനയ് ഗോയൽ, തഹസിൽദാർ മിനി കെ തോമസ്, മല്ലപ്പള്ളി തഹസിൽദാർ എം.ടി ജയിംസ്, തുടങ്ങിയവർ പങ്കെടുത്തു.
--------------------
ശബരിമല പാതയിൽ ഇടിഞ്ഞുതാണത്
60 മീറ്ററോളം റോഡ്
പത്തനംതിട്ട : നിലയ്ക്കൽപമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലന്തോട്ടിൽ ഇടിഞ്ഞുതാണത് 60 മീറ്ററോളം റോഡ് . റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികൾ വിലയിരുത്തി.
വരും ദിവസത്തിൽ സെസിലെ (സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തും. എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചിൽ മാത്രമാണോ എന്ന് പരിശോധിക്കും. റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
ജില്ലാ കളക്ടർ പി.ബി.നൂഹ്, റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണൻ, റാന്നി തഹസിൽദാർ പി.ജോൺ വർഗീസ്, ഗൂഡ്രിക്കൽ റെയ്ഞ്ച് ഓഫീസർ എസ്.മണി, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ, സൂപ്രണ്ടിംഗ് എൻജിനീയർ പി.എൽ ഗീത, എക്‌സിക്യൂട്ടീവ് എൻജിനീയർ മീനാ രാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ശ്രീലത, ബി.ബിനു, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
---------------