അടൂർ : എം. ജി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായ മരക്കൊമ്പ് നീക്കം ചെയ്ത് പാതാളക്കുഴിയും നികത്തി വാട്ടർ അതോറിറ്റി 'പാതാളക്കുഴി ആരുനിത്തും' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് മാസങ്ങളോളമായി യാത്രക്കാർക്ക് ദുരിതമായിമാറിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിലെ വാൽവ് സ്ഥാപിച്ചിരുന്നിടത്തെ കുഴിനികത്താൻ അധികൃതർ മുന്നോട്ടു വന്നത്.അടൂർ- തുമ്പമൺപാതയുടെ ഭാഗമായ ഈ റോഡിൽ വാട്ടർ അതോറിറ്റിയുടെ വാൽവ് തകരാറിനെ തുടർന്നാണ് ഇവിടെ പലഘട്ടങ്ങളിലായി കുഴിച്ചിട്ടത്. വീതി കുറഞ്ഞ ഈ പാതയിൽ എതിർ ദിശകളിൽ വരുന്ന രണ്ട് വാഹനങ്ങൾക്ക് ഈ കുഴി കാരണം ഒരേ സമയം കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങൾ മുന്നറിയിപ്പ് ഇല്ലാത്തതിനാൽ കുഴയിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാരുന്നു. ആദ്യം നാട്ടുകാർ കുഴൽ കിണർ എന്നും കുഴിയുടെ വ്യാസം കൂടിയതോടെ പാതാളക്കുഴിയെന്നും കളിയാക്കി നാമകരണം ചെയ്ത് നാട്ടുകാർ ബോർഡ് സ്ഥാപിച്ചു. ഒടുവിൽ അപകടമുന്നറിയിപ്പെന്നോണം വെട്ടിയിട്ട മരകൊമ്പ് കുഴിക്ക് മുകളിലായി സ്ഥാപിച്ചു. ഒരു ബൈക്ക് യാത്രികൻ മരകൊമ്പിൽ തട്ടി അപകടത്തിൽപ്പെട്ടത് സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാട്ടർ അതോറിറ്റി അധികൃതർ രംഗത്ത് എത്തി മരക്കൊമ്പ് നീക്കം ചെയ്ത് കുഴി മണ്ണിട്ട് മൂടിയത്. ഇതോടെ വലിയൊരു അപകടകെണി ഒഴിവായി.

അപകടം ഒഴിവായി, കുടിവെള്ള വിരണത്തിൽ തടസം മാറിയില്ല

വാൽവിലെ തകരാർ പരിഹരിക്കാത്തതിനാൽ എം.ജി റോഡിൽ വടക്കോട്ടുള്ള ഭാഗത്ത് കുടിവെള്ള വിതരണം നടക്കുന്നത് ഭാഗികമായി.പുതിയ വാൽവ് സ്ഥാപിച്ച് ചേംബർ നിർമ്മിക്കാനുള്ള വാട്ടർ അതോറിറ്റിയുടെ ശ്രമം അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് പി.ഡബ്ളി.യു.ഡി തടഞ്ഞു. വാൽവിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാൽ ഉന്നത മർദ്ദത്തിൽ വെള്ളം തുറന്ന് വിടാനാകില്ല. ഇതോടെ നഗരസഭയുടെ മൂന്ന്,നാല്,അഞ്ച്,ആറ് വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ട് ഒരു വർഷത്തിലേറെയാകുന്നു.പൊതു ടാപ്പുകളിലാകട്ടെ വല്ലപ്പോഴും എത്തുന്നത് നൂൽ കനത്തിൽ വെള്ളം.