pampa
മണലും മാലിന്യങ്ങളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിനുശേഷം പമ്പ ത്രിവേണിയിലൂടെ വെള്ളമൊഴുക്ക്.

പത്തനംതിട്ട : പമ്പാ ഡാം തുറന്നിട്ടും പമ്പയാറിന്റെ തീരങ്ങളിൽ ആശങ്കപ്പെടുത്തുന്ന രീതിയിൽ വെള്ളം കയറാതിരുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലം. അതിതീവ്ര മഴയെത്തുടർന്ന് പമ്പ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാമിലെ ആറു ഷട്ടറുകൾ തുറന്നതോടെ മറ്റൊരു പ്രളയമാണ് പ്രതീക്ഷിച്ചത്. എന്നാൽ, ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. പമ്പാനദിയിൽ അടിഞ്ഞുകൂടിയ മണൽ തീവ്ര മഴയ്ക്ക് മുമ്പുതന്നെ നീക്കം ചെയ്തിരുന്നതിനാൽ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം സുഗമമായി ഒഴുകിപ്പോയി.
പ്രളയ മുൻകരുതലിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളാണു സഹായകമായത്. വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു, എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കെ.യു. ജനീഷ് കുമാർ എന്നിവരുടെയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നദീതീരങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലും സ്വീകരിച്ചിരുന്നു.

പമ്പ ത്രിവേണിയിലെ 2.2 കിലോമീറ്റർ സ്ഥലമാണ് വൃത്തിയാക്കിയത്. 17,500 ട്രക്ക് മണൽ, മാലിന്യങ്ങളാണ് ഇവിടെ നീക്കം ചെയ്തത്. പമ്പ ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്പ ഉൾപ്പടെയുള്ള മൂന്നു പ്രധാന നദികളിലെ 44 കടവുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്.

നീക്കം ചെയ്ത മണൽ, മാലിന്യങ്ങൾ : 74,500 ക്യുബിക് മീറ്റർ

മണൽ, മാലിന്യങ്ങൾ നീക്കം ചെയ്ത കടവുകൾ

(വിവിധ താലൂക്കുകളിൽ )

റാന്നി : 26

കോഴഞ്ചേരി : 6

അടൂർ : 2

കോന്നി : 2

തിരുവല്ല : 6

മല്ലപ്പള്ളി : 2


2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് 2005 സെക്ഷൻ 34 ഡി ആക്ട് പ്രകാരം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ അധികാരമുപയോഗിച്ചാണ് കളക്ടർ മണൽ നീക്കം ചെയ്യൽ ആരംഭിച്ചത്.

നദിയിലെ മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞത് ഇതുവരെയുണ്ടായ വെള്ളപ്പൊക്കത്തിൽ പമ്പാത്രിവേണിയെ ബാധിക്കാതെ പോയതിനു സഹായകമായിട്ടുണ്ട്.

പി.ബി.നൂഹ്,

ജില്ലാ കളക്ടർ