പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ ക്ഷീരകർഷകർക്കുണ്ടായ നാശനഷ്ടം വിലയിരുത്തി സഹായം എത്തിച്ചു തുടങ്ങിയതായി തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ (മിൽമ) ചെയർമാൻ കല്ലട രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ രണ്ടായിരത്തിലധികം ക്ഷീരകർഷകരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. 22.46 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.
അറുനൂറോളം പേർക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നൂറോളം കാലിത്തൊഴുത്തുകളിൽ വെള്ളം കയറിയിരുന്നു. ഇതിൽ മൂന്നെണ്ണം പൂർണമായും 39 എണ്ണം ഭാഗികമായും നശിച്ചു. 216 ഉരുക്കൾ ഇപ്പോഴും ക്യാമ്പുകളിലാണ്. 15 ഏക്കറോളം പുൽക്കൃഷി നശിച്ചു.
എഴുപതോളം സംഘങ്ങളുടെ പ്രവർത്തന പരിധിയിൽ വെള്ളപ്പൊക്കം നാശം വിതച്ചു. 39 സംഘങ്ങളിൽ പാൽവിതരണം പൂർണമായി നിറുത്തിവയ്‌ക്കേണ്ടിവന്നു. ഇതിൽ അഞ്ച് സംഘങ്ങളുടെ പ്രവർത്തനം ഇനി പുനരാരംഭിക്കാനായിട്ടില്ല. മിൽമ പത്തനംതിട്ട ഡെയറിയുടെ കീഴിലുള്ള മാടമൺ, വള്ളംകുളം ശീതീകരണ കേന്ദ്രങ്ങളിൽ വെള്ളം കയറിയതുമൂലം പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ജില്ലയിലെ സംഘങ്ങളിൽ പ്രതിദിന പാൽ സംഭരണത്തിൽ 6700 ലിറ്ററിന്റെ കുറവുണ്ടായി. മിൽമയുടെ സംഭരണത്തിൽ 1250 ലിറ്ററാണ് കുറവുണ്ടായത്. സംഭരണത്തിനുവേണ്ടി അധികദൂരം വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
അടിയന്തര സഹായമായി തിരുവനന്തപുരം മേഖല യൂണിയൻ ക്ഷീരകർഷകർക്ക് 500 ചാക്ക് മിൽമ കാലിത്തീറ്റ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 150 ചാക്കുകൾ എത്തിക്കും. ഇതോടൊപ്പം ആറുമാസം സൗജന്യ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുന്നതിന് 1.25 കോടി രൂപയുടെ സബ്സിഡിയും നടപ്പാക്കും. പ്രളയബാധിത മേഖലകളിലെ ഉരുക്കൾക്ക് സൗജന്യമായി നൽകുന്നതിന് പ്രാഥമിക ചികിത്സാ മരുന്നുകൾ സംഘങ്ങൾ മുഖേന ലഭ്യമാക്കും. . പ്രളയമുണ്ടാകുമ്പോൾ പശുക്കളെ ഉയർന്ന സ്ഥലത്തേക്കു മാറ്റുകയെന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. നിലവിൽ പാലങ്ങൾക്കു മുകളിലും മറ്റുമാണ് പശുക്കളെ കെട്ടേണ്ടിവരുന്നത്. ഇതിനൊരു പരിഹാരമായി എലിവേറ്റഡ് തൊഴുത്ത് നിർമ്മിക്കാനുള്ള പദ്ധതി മിൽമ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ രണ്ട് തൊഴുത്തുകളുടെ നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ട്. മൂന്നു നിലകളിലാണ് തൊഴുത്ത് നിർമ്മിക്കുന്നത്. 1.80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മാത്രമേ പ്രളയകാലഘട്ടത്തിലേക്കാവശ്യമായ പദ്ധതികൾ ഏറ്റെടുക്കാൻ മിൽമയ്ക്കു കഴിയുകയുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.
ഡയറക്ടർ ബോർഡംഗം ലിസി മത്തായി, പത്തനംതിട്ട ഡെയറി മാനേജർ സൂസൻ തോമസ്, ജില്ലാ പി ആൻഡ് ഐ മേധാവി ഡോ.എ. ഷിറാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.