പത്തനംതിട്ട : കൊവിഡ് ആരംഭിച്ചപ്പോൾ മുതൽ ജീവിതം ഇരുട്ടിലായവരാണ് ഞങ്ങൾ. ബസ് ജീവനക്കാർ പറയുന്നു. ഓണം എത്താറായി ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഞങ്ങളെ പോലെയുള്ളവരെയാണ് കൊവിഡ് തീർത്തും പ്രതിസന്ധിയിലാക്കിയത്. മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മുതൽ ബസ് സർവീസ് നിലയ്ക്കുകയായിരുന്നു. ഇളവുകളും നിയന്ത്രണങ്ങളുമായി ബസ് സർവീസ് നടത്താൻ തീരുമാനമായെങ്കിലും ആളുകൾക്ക് ബസിൽ കയറാൻ പേടിയായി. ബസ് നിരക്ക് വർദ്ധിപ്പിച്ചെങ്കിലും യാത്ര ചെയ്യാൻ ആളില്ലായിരുന്നു. ഡീസൽ അടിക്കാൻ പോലും വരുമാനം ലഭിക്കാതായി, ആഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിറുത്തിവയ്ക്കാൻ തീരുമാനവുമുണ്ടായി. കൊവിഡ് മാത്രമല്ല ഇപ്പോൾ വെള്ളപ്പൊക്കവും ഭീഷണിയായിരിക്കുന്നു.
ജില്ലയിലെ സ്വകാര്യ ബസുകൾ : 368 ,
ബസ് ഉടമകൾ : 120, ജീവനക്കാർ : 2000ൽ അധികം
" ചില ബസുകൾ ഓടുന്നുണ്ട്. ആളുകൾ കുറവാണ്. തൊണ്ണൂറ് ശതമാനവും സർവീസ് നടത്താതെ ജിഫോം നൽകിയിരിക്കുകയാണ്. ഒരു വരുമാനവുമില്ലാതെ ലക്ഷങ്ങളുടെ നഷ്ടമാണ് സഹിക്കേണ്ടിവരുന്നത്. "
ലാലുമാത്യു
(ബസുടമ)
"കൂടുതലും കുടുംബമുള്ള ചെറുപ്പക്കാരാണ് ബസിലെ ജീവനക്കാർ. എല്ലാവരും മറ്റ് ജോലികൾ അന്വേഷിക്കുന്നുണ്ടെങ്കിലും അതും ഇല്ലാത്ത സ്ഥിതിയാണ്. ഓണം വരുന്നു. സർക്കാർ തരുന്നതുകൊണ്ട് കുറച്ച് ദിവസം. പിന്നീട് പട്ടിണി അല്ലാതെ എന്ത് ചെയ്യും."
വിഷ്ണു ഇലന്തൂർ
(ബസ് ജീവനക്കാരൻ )