പത്തനംതിട്ട : കാലവർഷത്തിൽ ചൊവ്വാഴ്ച വരെയുള്ള നാലു ദിവസങ്ങളിൽ ജില്ലയിൽ 16.827 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ജില്ലയിൽ 6776 കർഷകരുടെ 450.74 ഹെക്ടർ സ്ഥലത്തെ കൃഷികളാണ് നശിച്ചത്.
വാഴ, നെല്ല്, പച്ചക്കറി, റബ്ബർ, തെങ്ങ്, കുരുമുളക്, കിഴങ്ങ് വർഗങ്ങൾ, മരച്ചീനി, വെറ്റിലക്കൊടി, ഇഞ്ചി, മഞ്ഞൾ, കൊക്കോ, കരിമ്പ്, ജാതി എന്നീ വിളകൾക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്. പന്തളം, പളളിക്കൽ, തോന്നല്ലൂർ, ആറന്മുള, കുളനട, മെഴുവേലി, തുമ്പമൺ, തെക്കേക്കര, മല്ലപ്പുഴശേരി, ചെറുകോൽ, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങൽ, കല്ലൂപ്പാറ, കുന്നന്താനം, ഏനാദിമംഗലം, കൊടുമൺ, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, തോട്ടമൺ എന്നീ സ്ഥലങ്ങളിലാണ് കൃഷിനാശം വ്യാപകമായി ഉണ്ടായിരിക്കുന്നത്.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
കാലവർഷത്തിൽ കൃഷി നശിച്ച കർഷകർക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനിൽ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാം. കൃഷി ഭവനിൽനിന്ന് ഉദ്യോഗസ്ഥർ കൃഷിഇടങ്ങൾ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തിൽപെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇൻഷുറൻസ് എടുത്തിട്ടുള്ള കർഷകർക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് സർക്കാരിന് സമർപ്പിക്കും.