kollam-boats
രക്ഷാപ്രവർത്തനത്തി​ന് കൊല്ലത്തു നിന്ന് എത്തിയ മത്സ്യതൊഴിലാളികളെ ആറൻമുളയി​ൽ വീണാ ജോർജ് എം.എൽ.എ യാത്രയാക്കുന്നു

പത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെത്തിയ ഏഴുവള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. തഹസിൽദാർ മിനി കെ തോമസിന്റെ നേതൃത്വത്തിലാണ് ഇവരെ കൊല്ലത്തേക്ക് യാത്രയാക്കിയത്.
രക്ഷാപ്രവർത്തനത്തിനായി 11 വള്ളങ്ങളാണ് തിരുവല്ല താലൂക്കിൽ എത്തിച്ചിരുന്നത്. ഇതിൽ ഏഴു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളും അവ എത്തിച്ച ലോറി ജീവനക്കാരുമാണ് തിരിച്ചു പോയത്. ആലപ്പാട് അഴീക്കൽ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴു വള്ളങ്ങളിലെ 42 പേരും കരുനാഗപ്പള്ളിയിലെ ലോറി ജീവനക്കാരായ 14 പേരും യാത്ര തിരിച്ച സംഘത്തിൽ ഉൾപ്പെടുന്നു. ഇനി നാലു വള്ളങ്ങളാണ് തിരുവല്ലയിൽ അവശേഷിക്കുന്നത്. 2018, 19 വെള്ളപ്പൊക്കങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഇവർ ജില്ലയിൽ എത്തിയിരുന്നു.
മഴ ശക്തമായതിനെ തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായാണ് സംഘം ജില്ലയിൽ എത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇറങ്ങേണ്ട സാഹചര്യം വന്നില്ല. വെള്ളപ്പൊക്ക ഭീഷണി പൂർണമായും മാറിയതിനു ശേഷമാണ് മത്സ്യതൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങിയത്. മുൻകരുതലെന്ന നിലയിൽ തിരുവല്ലയിലെത്തിയ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യങ്ങളെല്ലാം ലഭ്യമാക്കിയത് റവന്യൂ അധികൃതരാണ്.
മത്സ്യ തൊഴിലാളികൾക്ക് തിരുവല്ല ഗവ.റസ്റ്റ് ഹൗസിലും ലോറി ജീവനക്കാർക്ക് കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. ഭക്ഷണവും വസ്ത്രങ്ങളും കൂടാതെ ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ തന്നെ എത്തിച്ചു നൽകിയിരുന്നതായി തിരുവല്ല തഹസിൽദാർ മിനി.കെ തോമസ് പറഞ്ഞു.
തിരുവല്ല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ അജിത്, ബി.അനിൽ കുമാർ, കെ.ആർ.സുധാമണി എന്നിവരും മത്സ്യ തൊഴിലാളികളെ യാത്രയാക്കാൻ എത്തിയിരുന്നു.