13-pandanad-malinyam
പാണ്ടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രമട്ടക്കരയുമായി ബന്ധിപ്പിക്കുന്ന പമ്പാനദിക്കു കുറുകെയുള്ള പാലത്തിന് തൂണുകളിൽ അടിഞ്ഞ മാലിന്യം

ചെങ്ങന്നൂർ: പമ്പാനദിയിൽ കുത്തിയതോട് പാലത്തിന് സമീപം വൻതോതിൽ മാലിന്യം അടിയുന്നത് പാലത്തിനു ഭീഷണിയാകുന്നു. പാണ്ടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ ഭാഗമായ പ്രമട്ടക്കരയെ ബന്ധിപ്പിക്കുന്ന കുത്തിയതോട് ഭാഗത്തെ പാലത്തിന്റെ തൂണുകളിലാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടിയത്. അടുത്തടിപ്പിച്ചുള്ള തൂണുകളുടെ നിർമ്മാണമാണ് ഇത്രയധികം മാലിന്യം ഇവിടെ തടഞ്ഞു കിടക്കാൻ കാരണം.
ജലനിരപ്പ് ഉയരുന്നതിനു മുൻപു തന്നെ മാലിന്യം വന്ന് അടിഞ്ഞുകൂടിയിരുന്നു. ഖരമാലിന്യങ്ങൾ മുതൽ അടുക്കള മാലിന്യം, അറവ് മാലിന്യം , പാഴ് തടികൾ,കോഴിയുടെ വേര് തുടങ്ങി എല്ലാത്തരം വസ്തുക്കളും ഇവിടെ അടിഞ്ഞുകൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളാണ് കൂടുതലുള്ളത്. ഇതിനു പുറമേ ചത്ത ജന്തുക്കളുമുണ്ട്. ജലനിരപ്പ് പൊതുവേ താഴ്ന്നതോടെ ഇത് ഇവിടെ തന്നെ അടിഞ്ഞുകിടക്കുകയാണ്.അസഹ്യമായ ദുർഗന്ധവുമുണ്ട്. സമീപവാസികൾ വള്ളത്തിലെ മാലിന്യം തള്ളിവിടാൻ ശ്രമിച്ചെങ്കിലും ഏകദേശം രണ്ടര അടിയോളം ഘനത്തിൽ കിടക്കുന്ന മാലിന്യം ചലിപ്പിക്കുവാൻ പറ്റാതെ അവരുടെ ശ്രമം പരാചയപ്പെടുകയായിരുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ അധിക സമയം ഇവിടെ നിൽക്കുവാൻ പറ്റാതെ പിൻമാറുകയായിരുന്നു.അടിയന്തരമായി നദിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാത്ത പക്ഷം അത് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമാവുകയും പാലത്തിന് ഭീഷണിയുമാണ്. കുത്തിയതോട്, വനവാതുക്കര നിവാസികൾക്ക് നാക്കട, ആലംതുരുത്തി, മാന്നാർ, തിരുവല്ല ഭാഗത്തേക്ക് പോകുവാനുള്ള എളുപ്പമാർഗമാണിത്. എത്രയും വേഗം മാലിന്യം നീക്കണമെന്ന ആവശ്യം ശക്തമാണ്.