കൊല്ലം: ആശ്രാമം കുളങ്ങര വീട്ടിൽ ലീന എന്ന സ്നേഹ വിളക്ക് അണഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും പകുത്ത് നൽകിയ അവയവങ്ങളിലൂടെ മൂന്ന് കുടുംബങ്ങളിൽ ലീന ഇപ്പോഴും ജീവിക്കുന്നു. ഇന്നലെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നിന്ന് റോബിൻസ് വർഗീസ് ആശ്രാമത്തെ കുളങ്ങര വീട്ടിലെത്തി. രണ്ട് വർഷം മുമ്പ് ലീനയ്ക്ക് മസ്‌തിക മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വൃക്ക പകുത്ത് നൽകിയത് റോബിൻസിനായിരുന്നു. മറ്റൊരു വൃക്ക തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്തിനും കരൾ ആറ്റിങ്ങൾ സ്വദേശി മോഹനനുമാണ് നൽകിയത്. ലീനയുടെ ആദ്യ ഓർമ്മ ദിനത്തിൽ ശ്രീജിത്തും റോബിൻസും എത്തിയിരുന്നു. ഇത്തവണ മൂവരും ഒരുമിച്ചെത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധികൾക്കിടെ റോബിൻസിന് മാത്രമാണ് എത്താനായത്. മറ്റുള്ളവർ വീഡിയോ കോളിലൂടെ ലീനയുടെ ഭർത്താവ് ആശ്രാമം സജീവ്, മക്കളായ ആദർശ്, അദ്വൈത് എന്നിവരോട് സംസാരിച്ചു.
2018 ആഗസ്റ്റ് മൂന്നിന് കടുത്ത തലവേദനയെ തുടർന്നാണ് ലീനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വേദന കുറയാതെ വന്നതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് അഞ്ചിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി ലിനയെ ജീവിതത്തിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുന്നതിനിടെ 12ന് മസ്‌തിഷ്‌ക മരണം സംഭവിച്ചു. ലീനയുടെ അപ്രതീക്ഷിത വിയോഗത്തിനിടയിൽ പതറിയ സജീവും മക്കളും വേദനകൾക്കിടയിലും അവയവദാനത്തിന് സന്നദ്ധരായി. മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് വൃക്കയും കരളും പകുത്ത് നൽകിയത്. ആശ്രാമത്തെ കൺസ്യൂമർഫെഡ് ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് ആശ്രാമം സജീവ്.