തിരുവല്ല: താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ മടങ്ങാൻ തുടങ്ങി. മലിനജലം പലയിടങ്ങളിലും ഒഴുകിയെത്തിയതിനാൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കിണറുകളിലും പരിസരങ്ങളിലും ശുചീകരണം വെല്ലുവിളിയാണ്. വെയിൽ തെളിഞ്ഞതിനാൽ വെള്ളം വേഗത്തിൽ ഇറങ്ങുന്നുണ്ട്. നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് രണ്ടടി വരെ കുറഞ്ഞിട്ടുണ്ട്. അതേസമയം പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരാതെയും താഴാതെയും തൽസ്ഥിതി തുടരുകയാണ്. മഴ മാറിയതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ വെള്ളക്കെട്ട് ഒഴുകി മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. നദികളിൽ ജലനിരപ്പ് താഴ്ന്നു എങ്കിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ 82 ക്യാമ്പുകൾ ഇപ്പോഴും തുടരുന്നു. താമസക്കാർ വീടുകളിലേക്ക് മടങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി 22 ക്യാമ്പുകൾ പിരിച്ചുവിട്ടു.
തോട്ടപ്പുഴശ്ശേരി 4, കുറ്റപ്പുഴ 7, കടപ്ര 6, കോയിപ്രം 9, നെടുമ്പ്രം 2, ഇരവിപേരൂർ 9, കുറ്റൂർ 7, കവിയൂർ 4, കാവുംഭാഗം 10, പെരിങ്ങര 5, തിരുവല്ല 5, നിരണം 9 എന്നീങ്ങനെയാണ് വിവിധ വില്ലേജുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.