പത്തനംതിട്ട: കൊവിഡ് മഹാമാരിയെ തടുത്തുനിറുത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിറുത്തി പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും പ്രതിജ്ഞയെടുത്ത് പോലീസ്.
ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും പ്രധാന ജംഗ്ഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം പൊതുജനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള ആളുകൾ ഏറ്റുചൊല്ലി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു പ്രതിജ്ഞയെടുക്കൽ.
സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും, പ്രോട്ടോകോൾ നിബന്ധനകളും നിയന്ത്രണങ്ങളും സ്വമേധയാ അനുസരിച്ചും സമൂഹത്തിനോടുള്ള കടമ നിറവേറ്റേണ്ടതിന്റെ അനിവാര്യത ഉൾക്കൊണ്ടാണ് പൊലീസ് സംസ്ഥാനമൊട്ടുക്കും ഇത്തരമൊരു തീരുമാനം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലെയും പ്രധാന സ്ഥലങ്ങളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
രോഗബാധിതരെയോ കുടുംബത്തെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താനോ മാറ്റിനിറുത്താനോ അനുവദിക്കാതെ അവരെ ഒപ്പം ചേർത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തോടും ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ പ്രതിജ്ഞയിൽ പങ്കെടുത്ത എല്ലാ വിഭാഗം ജനങ്ങൾക്കും നന്ദി പറയുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.