തിരുവല്ല: രാജീവിന്റെയും രഞ്ചിമോളുടെയും കുഞ്ഞുവാവയുടെ നൂലുകെട്ട് ഇന്നലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ക്യാമ്പിലുണ്ടായിരുന്നവർക്കും ജനപ്രതിനിധികൾക്കും പായസം നൽകി നടന്ന ചടങ്ങിൽ കുഞ്ഞിന് ആര്യൻ എന്ന് പേരുമിട്ടു. മണിപ്പുഴ ഗായത്രി ആഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാമ്പിൽ വെള്ലിയാഴ്ചയാണ് കല്ലുങ്കൽ മലയിത്ര കോമങ്കരി വീട്ടിൽ കെ.എസ്. രാജീവും ഭാര്യ രഞ്ചിമോളും ആദ്യത്തെ കൺമണിയുമായി അഭയം പ്രാപിച്ചത്.
വെള്ലിയാഴ്ച രാവിലെ വെള്ളം ക്രമാതീതമായി ഉയർന്ന് വീടിന്റെ മുറ്റത്തെത്തിയതോടെയാണ് രക്ഷതേടി ഇറങ്ങിയത്. വള്ളത്തിലും ലോറിയിലുമായാണ് ക്യാമ്പിലെത്തിയത്. 28 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി എത്തിയ അവർക്ക് ക്യാമ്പിൽ പ്രത്യേകം മുറിയും നൽകി.
നൂലുകെട്ട് ചടങ്ങ് ആഘോഷപൂർവം നടത്താനാണ് കൂലിപ്പണിക്കാരനായ രാജിവും രഞ്ചിമോളും നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെയാണ് നാട് വെള്ളത്തിലായത്. ഒടുവിൽ നിശ്ചയിച്ച ദിവസംതന്നെ ക്യാമ്പിൽ വച്ച് ചടങ്ങ് നടത്താൻ തീരുമാനിച്ചു. ഓഡിറ്റോറിയത്തിന് സമീപം പച്ചക്കറിക്കട നടത്തുന്ന സേവാഭാരതി പ്രവർത്തകനായ രഞ്ജിത്ത് കൃഷ്ണൻ പായസത്തിന് വേണ്ട സാധനങ്ങൾ വാങ്ങിനൽകി. കുഞ്ഞുടുപ്പുകളും സോപ്പും പൗഡറും സമ്മാനമായും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ, വി.വിഘ്‌നേഷ്, രഞ്ജിത്ത് കൃഷ്ണൻ, മനു കക്കുറിഞ്ഞിയിൽ എന്നിവരും സമ്മാനങ്ങൾ നൽകി. ക്യാമ്പിലുണ്ടായിരുന്ന അറുപതിലധികം പേർക്ക് പായസം കൂട്ടിയായിരുന്നു ഉച്ചയൂണ്.