തിരുവല്ല: കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം . ഓണത്തിനു വിളവെടുക്കാൻ പാകമായിരുന്ന ഏത്തവാഴകളും പച്ചക്കറി, മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങളും വെള്ളം കയറി നശിച്ചു. തിരുവല്ല നഗരസഭയുടെയും കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, കവിയൂർ പഞ്ചായത്തുകളിലെയും നൂറോളം ഏക്കറിലെ കൃഷിയാണ് വെള്ളത്തിലായത്. പമ്പാ. മണിമല നദികൾ കരകവിഞ്ഞാണ് വെള്ളം കയറിയത്. മണിമലയാറിന് സമീപത്തെ കല്ലുങ്കൽ പ്രദേശത്തെ കൃഷി പൂർണമായും വെള്ളത്തിലായി. ഓണക്കാലത്തേക്ക് വിളവെടുക്കാനായി നെടുമ്പ്രം നാലാം വാർഡിൽ കാമ്പിശേരിൽ അജയൻ കൃഷി ചെയ്ത മുന്നൂറിലധികം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണും വെള്ളത്തിൽ മുങ്ങിയും നശിച്ചു. ഒട്ടത്തിൽ ജിതിന്റെ വിളവെടുക്കാൻ പാകമായ ആയിരത്തോളം ഏത്തവാഴകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിനിൽക്കുകയാണ്. നിരണം പഞ്ചായത്തിൽ ഒരാഴ്ച മുൻപ് അടിച്ച കാറ്റിൽ കുറെയധികം വാഴകൾ ഒടിഞ്ഞുവീണിരുന്നു. ഇതേത്തുടർന്നാണ് വെള്ളപ്പൊക്കവും ഉണ്ടായത്. കാറ്റത്ത് വീഴാതിരുന്ന വാഴകളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ഇവിടെ അ‍ഞ്ച് ഏക്കറിലെ വാഴകൾ വെള്ളത്തിൽ നശിച്ചതായാണ് കർഷകർ പറയുന്നത്. കൃഷിഭവനിൽ വെള്ളം കയറിക്കിടക്കുകയാണ്. പെരിങ്ങരയിലും കുറ്റൂരിലും കവിയൂരിലുമെല്ലാം ഒട്ടേറെ കർഷകരുടെ വിളകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. ഇതുകാരണം ഓണത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ നൂറുകണക്കിന് കർഷകർക്ക് ഇത്തവണ നഷ്ടത്തിന്റെ വിളവെടുപ്പാകും. വെള്ളപ്പൊക്കം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാൽ നഷ്ടത്തിന്റെ കൂടുതൽ സംഭവിക്കും. വെള്ളക്കെട്ട് തുടരുന്നതിനാൽ കൃഷിവകുപ്പ് മുഖേന നടത്തുന്ന കൃഷി നാശത്തിന്റെ കണക്കെടുപ്പും പൂർത്തിയായിട്ടില്ല.