
അടൂർ : കൊവിഡും വെള്ളപ്പൊക്കവും തിരിച്ചടിയാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ആതുരാലയങ്ങളിൽ രൂക്ഷമാകുന്ന രക്തക്ഷാമത്തിന് പരിഹാരവുമായി ഇന്നലെ അടൂരിൽ നിന്ന് മുപ്പത്പേരടങ്ങുന്ന സംഘവുമായി ബ്ളീഡിംഗ് എക്സ്പ്രസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി. റെഡ് ഇൗസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്ററും വനിതാവിഭാഗമായ സ്ത്രീജ്വാല പത്തനംതിട്ടയും സംയുക്തമായാണ് രക്തക്ഷാമം പരിഹരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. സർക്കാർ മേഖലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് ബ്ളഡ് ബാങ്കുള്ളത്. അടൂർ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ രക്തം ശേഖരിക്കാനുള്ള സംവിധാനം മാത്രമാണുള്ളത്. അതിനാൽ പലപ്പോഴും ഉയർന്ന തുക നൽകി രക്തം ദാനം ചെയ്ത് ശേഖരിക്കാൻ സ്വകാര്യ ആശുപത്രികളിലെ ബ്ളഡ് ബാങ്കുകളെ ആശ്രയിക്കേണ്ടതായി വരുന്നു. സാധാരണക്കാർ അനുഭവിക്കുന്ന ഇൗ ദുരതം കണ്ടറിഞ്ഞാണ് നാല് വർഷം മുൻപ് കണ്ണൂർ ആസ്ഥാനമായി ബ്ലഡ് കേരള രൂപംകൊണ്ടത്. ഇന്ന് സംസ്ഥാനത്തുടനീളമുള്ള ജില്ലാ കമ്മിറ്റികൾ മുഖേന ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയതു മുതൽ ഇതുവരെ രക്തദാനത്തിനായി 26 ക്യാമ്പുകളാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയത്. ഇതാദ്യമാണ് പ്രത്യേക സാഹചര്യത്തിൽ ബസ് തയ്യാറാക്കി ഡോണർമാരെ സുരക്ഷിതമായി കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനായി ബ്ളീഡിംഗ് എക്സ്പ്രസ് സംവിധാനം ഒരുക്കിയത്. ഫ്ളാഗ് ഒഫ് ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിച്ചു.
സംഘടനയുടെ കീഴിൽ ജില്ലയിൽ 3000ത്തോളം ഡോണർമാർ
സ്വകാര്യ ആശുപത്രികളിലെ നിരക്ക്
ഡോണർ ഉണ്ടെങ്കിൽ : 1300 രൂ
ഇല്ലെങ്കിൽ 2000 രൂ മുതൽ.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ലഭ്യമാകാൻ:
വെള്ള കാർഡുകാർക്ക് - 850 രൂ
മറ്റുള്ള കാർഡുകാർക്ക് - 500 രൂ
ലഭ്യമാകാൻ വേണ്ട നടപടി
ഗവ. ആശുപത്രികളിൽ സർജറി ഉൾപ്പെടെയുള്ളവയ്ക്ക് വിധേയമാകുന്നവർ രക്തം ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന കുറിപ്പും രോഗിയുടെ രക്ത സാമ്പിളുമായി പത്തനംതിട്ട ജനറൽ ആശുപത്രി ബ്ളഡ് ബാങ്കിൽ എത്തുക, ഒപ്പം റേഷൻ കാർഡും കരുതുക. രക്തം ക്രോസ് മാച്ച് ചെയ്ത് പ്രത്യേക ശീതീകരണിയിൽ ലഭ്യമാക്കും.