flag

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിൽ 15ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുക്കും. പതാക ഉയർത്തി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.40ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.45ന് ജില്ലാ പൊലീസ് മേധാവിയുടെ ആഗമനം. 8.50ന് ജില്ലാ കളക്ടറുടെ ആഗമനം. ഒൻപതിന് മുഖ്യാതിഥിയുടെ ആഗമനം. മുഖ്യാതിഥി സല്യൂട്ട് സ്വീകരിക്കും. മുഖ്യാതിഥി ദേശീയ പതാക ഉയർത്തിയ ശേഷം ദേശീയഗാനം. 9.10ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നൽകും. 9.20ന് ദേശീയഗാനത്തോടു കൂടി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സമാപിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 പേർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർ സ്റ്റേഡിയം കവാടത്തിൽ ക്രമീകരിച്ചിരിക്കുന്ന തെർമൽ സ്‌കാനിംഗിന് വിധേയമാകണം. കൈകൾ അണുവിമുക്തമാക്കണം. പരിപാടിയിൽ പങ്കെടുക്കുന്നവർ മാസ്‌കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. ലഘുഭക്ഷണം, പാനീയങ്ങൾ എന്നിവ സ്റ്റേഡിയത്തിൽ വിതരണം ചെയ്യാൻ അനുവദിക്കില്ല. മാർച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല.

സർക്കാർ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടി, തോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും വേണം. പൂർണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടത്.

പി.ബി.നൂഹ്

ജില്ലാ കളക്ടർ