തിരുവല്ല: വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന വനിതകൾക്ക് അന്തിയുറങ്ങാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ഷീ ലോഡ്‌ജ്‌ നിർമ്മാണം ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വൈ.എം.സി.എയ്ക്ക് സമീപം ഷീ ലോഡ്‌ജിന് നഗരസഭാ ചെയർമാൻ ആർ. ജയകുമാർ ശിലയിട്ടു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റീന ശാമുവൽ, കെ.കെ.സാറാമ്മ, ജേക്കബ് ജോർജ് മനയ്ക്കൽ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, പ്രതിപക്ഷ നേതാവ് എം.പി ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ രാധാകൃഷ്ണൻ വേണാട്ട്, ഷാജി തിരുവല്ല, അലിക്കുഞ്ഞ് ചുമത്ര, ബിജു ലങ്കാഗിരി, നിസാമുദ്ദീൻ, ശ്രീരഞ്ജിനി എസ്. പിള്ള, അരുന്ധതി രാജേഷ്, എൽസി ജോർജ്, സുജാ മാത്യു, ജോയി പരിയാരത്ത്, സാറാമ്മ ഫ്രാൻസിസ്, നഗരസഭ സെക്രട്ടറി വി. സജികുമാർ അസി. എൻജിനീയർ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ അജി എസ്.കുമാർ, കോൺട്രാക്ടർ രാജൻ ചെറുകര എന്നിവർ പ്രസംഗിച്ചു.

--------------

89.19 ലക്ഷം ചെലവഴിക്കും

@ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 39.19 ലക്ഷം രൂപയും തുടർ വികസന പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയും നഗരസഭ ഷീ ലോഡ്ജിന് വകയിരുത്തിയിട്ടുണ്ട്.

@ രണ്ടായിരം ചതുരശ്ര അടിയിൽ മൂന്ന് ഡോർമെട്രിയും അടുക്കളയും ഓഫീസും ഉൾപ്പെടെയുള്ള ഒരുനിലയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ. ടി.സി. ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്‌ജ്‌ നിർമ്മിക്കുന്നത്.

@ സ്ത്രീകളോടൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും ഷീ ലോഡ്‌ജിൽ താമസ സൗകര്യം ലഭിക്കും. ഷീ ലോഡ്‌ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റിനായിരിക്കും.

@ ഏതുനാട്ടിൽ നിന്നെത്തുന്ന സ്ത്രീകൾക്കും നിർഭയത്വത്തോടെ താമസിക്കാൻ കഴിയുംവിധമുള്ള എല്ലാ ക്രമീകരണങ്ങളും ഷീ ലോഡ്ജിൽ ഉണ്ടായിരിക്കും. ആദ്യഘട്ട നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും