ration
പത്തനംതിട്ട ഊന്നുകല്ലിൽ തൊണ്ണൂറ്റിരണ്ട് വയസ്സുളള തങ്കമ്മ ഓണകിറ്റ് വാങ്ങാൻ ഓട്ടോറിക്ഷയിൽ റേഷൻ കടയിലെത്തിയപ്പോൾ

പത്തനംതിട്ട: കൊവിഡുമായി ബന്ധപ്പെട്ട സമാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സർക്കാർ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ജില്ലയിലെ റേഷൻകടകളിലൂടെ വിതരണം തുടങ്ങി.
ആദ്യഘട്ടമായി 25,000ത്തോളം എ.എ.വൈ (മഞ്ഞ) കാർഡുകൾക്ക് 14, 16 തീയതികളിലും പി.എച്ച്.എച്ച്(പിങ്ക്), എൻ.പി.എസ്(നീല), എൻ.പി.എൻ.എസ്(വെള്ള) കാർഡുകൾക്ക് ഓണത്തിന് മുൻപായും കിറ്റുകൾ നൽകും. ജൂലായ് മാസത്തിൽ റേഷൻ വാങ്ങിയ കടയിൽനിന്ന് കിറ്റ് കൈപ്പറ്റാം.
ഇന്നലെ വൈകുന്നേരം അഞ്ചുവരെ 6804 സൗജന്യകിറ്റുകൾ റേഷൻകടകൾ വഴി വിതരണം ചെയ്തു. താലൂക്ക് തിരിച്ചുള്ള കിറ്റ് വിതരണ നില: കോഴഞ്ചേരി 1017, തിരുവല്ല 894, അടൂർ 1525, റാന്നി 1047, മല്ലപ്പള്ളി 898, കോന്നി 1423.

11 ഇനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് സപ്ലൈകോയാണ് തയാറാക്കി റേഷൻ കടകളിലെത്തിക്കുന്നത്.