പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ കോയിപ്രം എസ്.ഐ രാകേഷിന്റെ നേതൃത്വത്തിൽ രണ്ടുവാഹനങ്ങളിലായി എത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പുറമറ്റം കവുങ്ങുംപ്രയാർ അടവിമന്ദത്ത് വീട്ടിൽ ബാബു വിജയന്റെ മകൻ സന്ദീപ് ബാബുവിനാണ് മർദ്ദനം ഏറ്റത്. കഴിഞ്ഞ 10ന് വൈകിട്ട് ഇവരുടെ വീടിന് സമീപമാണ് സംഭവം. രണ്ട് വാഹനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പൊലീസ് വന്നത്. കണ്ടു നിന്നവർ കാരണം തിരക്കിയെങ്കിലും പൊലീസ് അവരെ അസഭ്യം പറഞ്ഞ് വിരട്ടിയോടിച്ചു. ഒരു വർഷം മുമ്പുള്ള അപകടത്തിൽ വലതുകാലിലെ മുട്ടിന് പരിക്കേറ്റതിനാൽ യുവാവിന് നടക്കാൻ ബുദ്ധിമുട്ടാണ്. പൊലീസ് സ്‌റ്റേഷനിൽ എത്തിയ പിതാവിനോട് കേസൊന്നും ചാർജ് ചെയ്യുന്നില്ലായെന്ന് പറഞ്ഞ് യുവാവിനെ ഒപ്പം വിട്ടയക്കുകയായിരുന്നു. ചില പൊലീസുകാർ മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. വീട്ടിലെത്തിയപ്പോഴാണ് മർദ്ദന വിവരം യുവാവ് വെളിപ്പെടുത്തിയത്. 12 ന് ശരീര വേദന സഹിക്കാൻ വയ്യാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡിന്റെ സാഹചര്യത്തിൽ യുവാവ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. 13ന് രാവിലെ ദേഹാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ പിടികൂടിയതിന്റെ കാരണവും വ്യക്തമല്ല.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനുമാണ് പരാതി നൽകിയത്.