പത്തനംതിട്ട: കർഷകനായ മത്തായിയുടെ മരണം ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ആവശ്യപ്പെട്ടു. മത്തായി മരണപ്പെട്ടിട്ട് 18 ദിവസമായിട്ടും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം പോലും തയാറാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മത്തായിയെ കൊണ്ടുപോയ ഏഴ് വനപാലക സംഘത്തിലെ രണ്ട് പേർക്ക് മാത്രം വകുപ്പുതല നടപടിയെടുത്ത് ബാക്കിയുള്ളവരെ സംരക്ഷിച്ചു കൊണ്ടുപോകുന്ന സർക്കാർ നയം കേസ് അട്ടിമറിക്കുന്നതിന്റെ തെളിവാണെന്നും വിക്ടർ ആരോപിച്ചു. ഡെമ്മി പരീക്ഷണങ്ങൾ നടത്തി കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് വനപാലകരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും, മത്തായിയുടെ കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. നിയമനടപടി സ്വീകരിക്കുംവരെ സമരപരിപാടികളുമായി കേരള കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.